Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2022 5:42 AM IST Updated On
date_range 27 May 2022 5:42 AM ISTസംവരണം നല്‍കിയതിനെ സ്ത്രീ ശാക്തീകരണമെന്ന് വിളിക്കുന്നത് ഉചിതമല്ല - രാഷ്ട്രപതി
text_fieldsbookmark_border
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് അമ്പത് ശതമാനം സംവരണം നല്‍കിയതിനെ 'സ്ത്രീ ശാക്തീകരണം' എന്ന് വിളിക്കുന്നത് ഉചിതമല്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്ത്രീകള്‍ ശക്തരാണ്. രാഷ്ട്രീയ പ്രക്രിയകളില്‍ അവരുടെ മികച്ച പങ്കാളിത്തം ഒരുക്കുന്നത് ശാക്തീകരണമാണെങ്കില്‍ അത് മുഴുവന്‍ സമൂഹത്തിന്‍റെയും ശാക്തീകരണമാണെന്ന് അദ്ദേഹം പറഞ്ഞു. കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ വനിത സാമാജിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. സ്ത്രീകള്‍ വിവിധ മേഖലകളിൽ നിലനിൽക്കുന്ന പ്രതിബന്ധങ്ങള്‍ മറികടക്കുകയാണ്. സായുധസേനയിലെ അവരുടെ വര്‍ധിച്ച പങ്കാളിത്തമാണ് അതില്‍ ഏറ്റവും ഒടുവിലത്തേത്. ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിങ്, ഗണിതശാസ്ത്രം, നിര്‍വഹണം അടക്കമുള്ള പരമ്പരാഗത പുരുഷാധിപത്യ മേഖലകളില്‍ സ്ത്രീകളുടെ എണ്ണം വർധിക്കുന്നു. പ്രതിസന്ധിയുടെ മാസങ്ങളില്‍ രാഷ്ട്രത്തിന് കാവല്‍ നിന്ന കൊറോണ യോദ്ധാക്കളില്‍ സ്ത്രീകളാണ് പുരുഷന്മാരെക്കാള്‍ കൂടുതല്‍. ആരോഗ്യ പ്രവര്‍ത്തകരുടെ കാര്യത്തില്‍ കേരളം എല്ലായ്പോഴും കൂടുതല്‍ സംഭാവന ചെയ്തിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തില്‍ സ്ത്രീകള്‍ നിസ്വാർഥമായ പരിചരണത്തിന്‍റെ മാതൃകയായി മാറി. ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകള്‍ക്ക് നേട്ടങ്ങള്‍ സ്വാഭാവികമാകേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍ അങ്ങനെയുണ്ടായില്ല. ആഴത്തില്‍ വേരൂന്നിയ സാമൂഹിക മുന്‍വിധികള്‍ അവര്‍ അനുഭവിച്ചിട്ടുണ്ടെന്ന സത്യം നാം മനസ്സിലാക്കണം. തൊഴില്‍ ശക്തിയിലെ അവരുടെ അനുപാതം കഴിവിന് അടുത്തെങ്ങുമില്ല. രാഷ്ട്രീയത്തിലും അതുണ്ടായിട്ടില്ല. സ്ത്രീകളിൽനിന്ന് കൂടുതല്‍ പേര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും വേണം. ഈ ദുഃഖകരമായ അവസ്ഥ ലോകമെമ്പാടുമുള്ള ഒരു പ്രതിഭാസമാണ്. മൂന്നാം ലിംഗം, മറ്റു ലിംഗസ്വത്വങ്ങള്‍ എന്നിവയുള്‍പ്പെടെ ലിംഗാവബോധത്തിലും അതിവേഗം പുരോഗതിയുണ്ടാകുന്നു. സ്ത്രീകളുടെ പുരോഗതിയുടെ പാതയിലെ തടസ്സങ്ങള്‍ നീക്കുന്ന കേരള സംസ്ഥാനവും പതിറ്റാണ്ടുകളായി ഉജ്ജ്വല മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. വനിത നിയമസഭാംഗങ്ങളുടെ ദേശീയ സമ്മേളനത്തിന് കേരളം ആതിഥേയത്വം വഹിക്കുന്നുവെന്നത് ഉചിതമായ കാര്യമാണെന്നും രാഷ്ട്രപതി പറഞ്ഞു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, രാഷ്ട്രപതിയുടെ പത്നി സവിത കോവിന്ദ്, നിയമസഭ സ്പീക്കർ എം.ബി. രാജേഷ്, മന്ത്രി ജെ. ചിഞ്ചുറാണി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ സംസാരിച്ചു. നിയമസഭ മന്ദിരത്തിൽ സംഘടിപ്പിച്ചിട്ടുള്ള ദ്വിദിന സമ്മേളനത്തിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് എം.പിമാർ, എം.എൽ.എമാർ, മറ്റ് ഭരണഘടന സ്ഥാപന പ്രതിനിധികൾ ഉൾപ്പെടെ നിരവധി വനിതകളാണ് പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story