Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉഴമലയ്ക്കലിന്...

ഉഴമലയ്ക്കലിന് സ്വന്തമായുണ്ടൊരു സൂര്യകാന്തിപ്പാടം

text_fields
bookmark_border
ഉഴമലയ്ക്കലിന് സ്വന്തമായുണ്ടൊരു സൂര്യകാന്തിപ്പാടം
cancel
നെടുമങ്ങാട്: നിറയെ കാറ്റിലാടി നില്‍ക്കുന്ന സൂര്യകാന്തിപ്പൂക്കളുടെ അഴക്, അതുകാണാനായി വിവിധ സ്ഥലങ്ങളില്‍ നിന്നുമെത്തുന്ന നൂറുകണക്കിന് ആളുകള്‍, എല്ലാം ചേര്‍ന്ന് ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ കുളപ്പട ഉത്സവാന്തരീക്ഷത്തിലാണ്. തമിഴ്‌നാട്ടില്‍ സമൃദ്ധമായി പൂത്തുലഞ്ഞ് വിളവ് തരുന്ന സൂര്യകാന്തിച്ചെടികള്‍ ഇപ്പോള്‍ കുളപ്പടയിലെ പാടത്തും വർണം വിതറുന്നു. കുളപ്പട കളിയിൽ വീട്ടില്‍ കര്‍ഷകനായ കെ.ആര്‍. പ്രതാപചന്ദ്രനാണ് തന്റെ വീടിന്റെ സമീപത്തെ വയലില്‍ വേറിട്ട കൃഷി പരീക്ഷിച്ചത്. തമിഴ്‌നാട് സേലത്തിനു സമീപം സര്‍ക്കാര്‍ ഫാമില്‍നിന്ന് കൊണ്ടുവന്ന ഹൈബ്രിഡ് വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. ഒരു കിലോ വിത്തിന് 750 രൂപയായിരുന്നു വില. ആറ് തൊഴിലാളികളെ കൊണ്ട് കൃഷിയിടം ഒരുക്കിയാണ് വിത്തിറക്കിയത്. ഇടവേളകളിലായി നടത്തിയ വളപ്രയോഗവും കൂടിയായപ്പോള്‍ 45 ദിവസം കൊണ്ട് സൂര്യകാന്തിച്ചെടികളിലെല്ലാം പൂവിട്ടു. ഇപ്പോള്‍ വിത്ത് പാകമാകാനുള്ള കാത്തിരിപ്പാണ്. 28 സെന്റിലായിരുന്നു കൃഷിയെങ്കിലും കുറേയെറെ ചെടികള്‍ കഴിഞ്ഞ മഴയില്‍ നശിച്ചു. പൂക്കള്‍ വിത്താക്കി അടുത്ത കൃഷിയിറക്കുന്നതിനായി മാറ്റുമെന്ന് പ്രതാപചന്ദ്രന്‍ പറഞ്ഞു. സൂര്യകാന്തിപ്പൂക്കള്‍ കാണാനും വിശേഷങ്ങള്‍ ചോദിച്ചറിയാനുമായി ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് നൂറ് കണക്കിന് ആള്‍ക്കാരാണ് കുടുംബസമേതം ദിവസവും ഇവിടെ എത്തുന്നത്. വരുന്നവരെല്ലാം സൂര്യകാന്തിപ്പാടത്തിനെ പശ്ചാത്തലമാക്കി ഫോട്ടോയെടുക്കാനുള്ള തിരക്കിലാണ്. അടുത്ത നെല്‍കൃഷിക്കുശേഷം വിപുലമായി സൂര്യകാന്തി കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഇക്കുറി പരീക്ഷണാടിസ്ഥാനത്തില്‍ കൃഷിചെയ്ത സൂര്യകാന്തികൃഷി നല്ല ശ്രദ്ധയും പരിചരണവും നല്‍കി വരുമാനമാര്‍ഗമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് പ്രതാപചന്ദ്രന്‍. ഫോട്ടോ: കുളപ്പടയിലെ കര്‍ഷകനായ കെ.ആര്‍. പ്രതാപചന്ദ്രന്‍ തന്റെ സൂര്യകാന്തിപ്പാടത്ത്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story