Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇട​പെടേണ്ടവർ...

ഇട​പെടേണ്ടവർ തെരഞ്ഞെടുപ്പ്​ ചൂടിൽ; നട്ടംതിരിഞ്ഞ്​ കെ.എസ്​.ആർ.ടി.സി ജീവനക്കാർ

text_fields
bookmark_border
* വെള്ളിയാഴ്ചയിലെ മ​ന്ത്രിസഭ യോഗത്തിലും വിഷയം പരിഗണിച്ചില്ല. തിരുവനന്തപുരം: കെ.എസ്​.ആർ.ടി.സിയിലെ ശമ്പളക്കാര്യത്തിൽ ഇടപെടുകയും പരിഹരിക്കുകയും ചെയ്യേണ്ട രാഷ്ട്രീയ-ഭരണ നേതൃത്വങ്ങൾ തൃക്കാക്കര തെരഞ്ഞെടുപ്പ്​ ചൂടിൽ. താൻ കെ.എസ്​.ആർ.ടി.സിയുടെ കണക്കപ്പിള്ളയല്ലെന്ന്​ തുറന്ന്​ പറഞ്ഞും വഴിമാറിയും ഗതാഗതമന്ത്രി. ഏറെ പ്രതീക്ഷിച്ചിരുന്ന വെള്ളിയാഴ്ചയിലെ മ​ന്ത്രിസഭ യോഗത്തിലും വിഷയം പരിഗണിച്ചില്ല. സി.എം.ഡിയാകട്ടെ വിദേശയാത്രയിലും. ശമ്പളം മുടങ്ങി രണ്ടാഴ്ചയാകു​മ്പോഴും കടുത്ത അനിശ്ചിതത്വത്തിലാണ്​ ജീവനക്കാർ. 'വായ്പക്കായി ശ്രമം തുടരുന്നു'വെന്നല്ലാതെ എന്ന്​ ശമ്പളം നൽകാനാകുമെന്ന്​ ഇനിയും മാനേജ്​മെന്‍റിന്​ ഉറപ്പിച്ച്​ പറയാനാകുന്നില്ല. 30 കോടിയാണ്​ ഇപ്പോൾ കെ.എസ്​.ആർ.ടി.സിയുടെ കൈവശമുള്ളത്​. ഇനി ആവശ്യമുള്ള 50 കോടിയോളം രൂപക്കായി വായ്പയെടുക്കാനാണ്​ നീക്കം. ഒരാഴ്ചയായി വായ്പക്ക്​ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. കെ.എസ്​.ആർ.ടി.സിയുടെ നേരത്തേയുള്ള ബാധ്യതകൾ തീർക്കാൻ എടുത്ത 3000 കോടിയുടെ കൺസോർട്യം വായ്പ വ്യവസ്ഥകളാണ്​ പ്രധാന തടസ്സം. കൺസോർട്യം വായ്പ കാലയളവിൽ മറ്റ്​ വായ്​പകൾ വാങ്ങരുതെന്നാണ്​ വ്യവസ്ഥ. വായ്പ നൽകാൻ സർക്കാർ ഗാരന്‍റിയാണ്​ കെ.ടി.ഡി.എഫ്​.സി മുന്നോട്ടുവെക്കുന്നത്​. വായ്പനീക്കങ്ങൾ ചടുലമാക്കാൻ കെ.എസ്​.ആർ.ടി.സി തലപ്പത്തും ആളില്ല. ശമ്പള ​​പ്രതിസന്ധിയിൽ വെട്ടിലായത്​ ഭരണാനുകൂല സംഘടനകളാണ്​. പ്രശ്നപരിഹാരത്തിന്​ മുഖ്യമന്ത്രിയെ ഇടപെടുവിക്കാൻ ശ്രമം നടന്നെങ്കിലും ഫലം കണ്ടിട്ടില്ല. അദ്ദേഹം തൃക്കാക്കര തെരഞ്ഞെടുപ്പിന്‍റെ തിരക്കിലാണ്​. വിഷയത്തിൽ ഇടപെടേണ്ട മുതിർന്ന ട്രേഡ്​ യൂനിയൻ നേതാക്കളും പ്രചാരണത്തിലാണ്​. മുഖ്യമന്ത്രിക്ക്​ എ.ഐ.ടി.യു.സി കത്ത്​ നൽകിയിരുന്നെങ്കിലും കാര്യമായ പ്രതികരണമുണ്ടായിട്ടില്ല. വിഷയം ഇടതുമുന്നണിയിൽ ഉന്നയിക്കാനാണ്​ സി.​പി.ഐ നീക്കം. നേരത്തേ കെ.എസ്​.ആർ.ടി.സിയിൽ എ.ഐ.ടി.യു.സി നടത്തിയ പണിമുടക്കിനെ പിന്തുണച്ച്​ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. സര്‍ക്കാറിനെ വിമര്‍ശിക്കുന്നുണ്ടെങ്കിലും തൊഴിലാളി സംഘടനകളും സംയമനത്തിലാണ്. എടുത്തുചാടിയൊരു പണിമുടക്ക് ഗുണം ചെയ്യില്ലെന്ന അഭിപ്രായം പ്രതിപക്ഷ സംഘടനകള്‍ക്കുമുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story