സുവോളജിക്കൽ പാർക്ക് മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും
text_fieldsമന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ കലക്ടർമാർ തൃശൂർ സുവോളജിക്കൽ പാർക്ക് സന്ദർശിക്കുന്നു
പൂത്തൂര്‍: സുവോളജിക്കല്‍ പാര്‍ക്ക് ചൊവ്വാഴ്ച വൈകീട്ട് 4.30ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി കെ. രാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സുവോളജിക്കല്‍ പാര്‍ക്കില്‍ നടക്കുന്ന ഉദ്ഘാടന യോഗത്തില്‍ മന്ത്രി എ.കെ. ശശിധരന് അധ്യക്ഷത വഹിക്കും. തൃശൂര്‍ മൃഗശാലയിലെ മൃഗങ്ങളെയെല്ലാം പുത്തൂരിലേക്ക് മാറ്റിയിട്ടുണ്ട്. പുതിയ സാഹചര്യങ്ങളുമായി ഇണങ്ങി ചേരുന്നത് വരെ സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. 2026 ജനുവരി മുതല്‍ ടിക്കറ്റ് എടുത്ത് പ്രവേശിക്കുന്നതിനുള്ള സൗകര്യം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഉദ്ഘാടനത്തിന്റെ ഭാഗമായി പുത്തൂരിലെ രണ്ട് മേഖലകള്‍ കേന്ദ്രീകരിച്ച് വരുന്ന ഘോഷയാത്രകളിൽ ഒന്ന് മൃഗശാലയിലെ മൃഗാശുപത്രി പരിസരത്തുനിന്നും മറ്റൊന്ന് പുത്തൂര്‍ പള്ളി പരിസരത്തുനിന്നും ആരംഭിക്കും. നാലിന് മുമ്പായി സുവോളജിക്കല്‍ പാര്‍ക്കിലെത്തും. അന്നേദിവസം ഈ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസുകള്‍ സൂവോളജിക്കല്‍ പാര്‍ക്കിലേക്ക് ഉച്ചക്ക് ശേഷം സൗജന്യ യാത്ര അനുവദിക്കും.
ഉദ്ഘാടനത്തിന് പങ്കെടുക്കാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 12 ജില്ല കലക്ടർമാര്‍ ശനിയാഴ്ച സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശിച്ചു. ഇവരോടൊപ്പം റവന്യു ഡെപ്യൂട്ടി സെക്രട്ടറി അനു എസ്. നായരും മന്ത്രി കെ. രാജനും ഉണ്ടായിരുന്നു. വളരെ വ്യത്യസ്തമായ അനുഭവമാണ് സുവോളജിക്കല്‍ പാർക്ക് സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ചതെന്ന് കലക്ടർമാര്‍ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

