മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsഫ്രിജോ
വേലൂർ: സർവിസ് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വേലൂർ കുട്ടംകുളം ചീരമ്പൻ വീട്ടിൽ ഫ്രിജോയെയാണ് (31) എരുമപ്പെട്ടി പൊലീസ് ഇൻസ്പെക്ടർ കെ.കെ. ഭൂപേഷ് അറസ്റ്റ് ചെയ്തത്.
വേലൂർ സർവിസ് സഹകരണ ബാങ്കിൽനിന്ന് മാർച്ച് മൂന്നിന് ഒരുലക്ഷം രൂപയും 14ന് 60,000 രൂപയും മുക്കുപണ്ടങ്ങൾ പണയംവെച്ച് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 12ന് മുണ്ടത്തിക്കോട് പുതുരുത്തി സർവിസ് സഹകരണ ബാങ്കിന്റെ മുണ്ടത്തിക്കോട് ബ്രാഞ്ചിൽ സമാനരീതിയിൽ മുക്കുപണ്ടം പണയം വെക്കാനെത്തിയപ്പോഴാണ് ജീവനക്കാരും ബാങ്ക് ഡയറക്ടർമാരും ചേർന്ന് ഇയാളെ പിടികൂടി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് പൊലീസിന് കൈമാറിയത്.
തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് വേലൂർ സഹകരണ ബാങ്കിൽ രണ്ട് തവണ മുക്കുപണ്ടം പണയംവെച്ച് 1,60,000 രൂപ തട്ടിപ്പ് നടത്തിയതായി ഇയാൾ വെളിപ്പെടുത്തി. റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിയെ എരുമപ്പെട്ടി പൊലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് ചെയ്യുകയായിരുന്നു.
തൃശൂർ പട്ടിക്കാട് കേന്ദ്രീകരിച്ച് വ്യാജസ്വർണം നിർമിച്ച് പണയം വെക്കാൻ ആളുകളെ നിയോഗിച്ച് പണം തട്ടിപ്പ് നടത്തുന്ന ലോബിയിലെ കണ്ണിയാണ് ഫ്രിജോ എന്ന് കണ്ടെത്തി. സംഘത്തിലുൾപ്പെട്ട മറ്റ് മൂന്ന് പേർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.