മാലിന്യ സംസ്കരണ പ്ലാന്റിന് മുന്നിൽ യുവാവിന്റെ ആത്മഹത്യാശ്രമം
text_fieldsസംസ്കരണ പ്ലാന്റിലേക്ക് കൊണ്ടുവന്ന മാലിന്യത്തിന്റെ
ദുർഗന്ധം സഹിക്കാൻ കഴിയാതെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്
ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ പൊലീസും നാട്ടുകാരും
ചേർന്ന് രക്ഷിക്കുന്നു
തളി: നടുവട്ടത്തെ മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് കൊണ്ടുവന്ന മാലിന്യത്തിന്റെ ദുർഗന്ധം സഹിക്കാൻ കഴിയാതെ യുവാവ് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. മാലിന്യ വാഹനത്തിന് സംരക്ഷണമൊരുക്കാൻ സ്ഥലത്തെത്തിയ പൊലീസുകാരും നാട്ടുകാരും ഇടപെട്ട് യുവാവിനെ രക്ഷപ്പെടുത്തി.
പ്ലാന്റിന് സമീപം താമസിക്കുന്ന നാനോട്ടുപടി വീട്ടിൽ ബാബുവാണ് (40) ആത്മഹത്യക്ക് ശ്രമിച്ചത്. കൈയിൽ മണ്ണെണ്ണ കുപ്പിയുമായി വന്ന് പൊലീസുകാരും നാട്ടുകാരും നോക്കിനിൽക്കെ ദേഹത്ത് ഒഴിക്കുകയും തീ കൊളുത്താൻ ശ്രമിക്കുകയുമായിരുന്നു.
പ്ലാന്റിനെതിരെ ജനകീയ സമരം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചോടെയാണ് സംഭവം. ഫാക്ടറിയിലേക്ക് എരുമപ്പെട്ടി പൊലീസിന്റെ അകമ്പടിയോടെയാണ് മാലിന്യവുമായി വാഹനം എത്തിയത്.മാലിന്യം തട്ടിയപ്പോൾ വലിയ തോതിൽ ദുർഗന്ധം പ്രദേശത്ത് വ്യാപിച്ചു. ഇത് സഹിക്കാൻ കഴിയാതെയാണ് തൊട്ടടുത്ത് താമസിക്കുന്ന ബാബു മണ്ണെണ്ണ കുപ്പിയുമായി വന്ന് പൊലീസുകാരും നാട്ടുകാരും നോക്കിനിൽക്കെ ദേഹത്ത് ഒഴിക്കുകയും തീ കൊളുത്താനും ശ്രമിച്ചത്.
കത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാരും പൊലീസും രക്ഷപ്പെടുത്തിയത്.പ്ലാന്റ് വന്ന അന്നുമുതൽ തങ്ങൾക്കും കുടുംബാംഗങ്ങൾക്കും ദുർഗന്ധം കാരണം ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥയായെന്ന് ബാബു പറയുന്നു.പ്ലാന്റ് മാറ്റിസ്ഥാപിക്കാൻ അധികൃതരോട് നിരവധി തവണ പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല. ജനങ്ങൾ ഇറങ്ങി സമരങ്ങൾ നടത്തിയിട്ടും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതെന്ന് ബാബു പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
തുടർന്ന് നൂറുകണക്കിന് സ്ത്രീകൾ അടങ്ങുന്ന നാട്ടുകാർ പ്രതിഷേധവുമായി സ്ഥലത്തെത്തി. സ്ഥലത്തെത്തിയ വാർഡ് മെംബറെ നാട്ടുകാർ തടയുകയും അടിയന്തരമായി പ്ലാന്റ് പ്രവർത്തനം നിർത്തിവെക്കണമെന്നാവശ്യപ്പെടുകയും ചെയ്തു.പ്ലാന്റ് പ്രവർത്തനം നിർത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ വൈകുന്നേരം പന്തം കൊളുത്തി പ്രകടനവും മാർച്ചും നടത്തി. മുസ്തഫ, സലീം അൻവരി, എം. വീരചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

