ഇന്ന് ലോക ബാർബർ ദിനം ശിവദാസന്റെ കത്രിക കൈക്ക് അഞ്ചര പതിറ്റാണ്ടിന്റെ പാരമ്പര്യം
text_fieldsകൊരട്ടിക്കര ശിവദാസൻ ബാർബർ ഷോപ്പിൽ
പെരുമ്പിലാവ്: ലോക ബാർബർ ദിനത്തിൽ കത്രികയുടെ താളത്തിനൊപ്പം മൂന്ന് തലമുറകളുടെ തൊഴിൽ പാരമ്പര്യത്തിൽ കൊരട്ടിക്കര കൂരിടിപ്പറമ്പിൽ ശിവദാസൻ എന്ന ദാസന്റെ ജീവിതം അടയാളപ്പെടുത്തുന്നത് 53 വർഷത്തെ അധ്വാനം.11ാം വയസ്സിലാണ് ദാസൻ കത്രിക കൈയിലെടുത്തത്.
ബാർബറായിരുന്ന പിതാവ് കൃഷ്ണൻകുട്ടിയുടെ പാത പിന്തുടർന്ന് ചാലിശ്ശേരി അങ്ങാടിയിലെ ആദ്യകാല ബാർബറായിരുന്ന ശ്രീധരന്റെ കീഴിൽ തൊഴിൽ പഠിച്ചു. ശേഷം കൊരട്ടിക്കരയിൽ സ്വന്തം സ്ഥാപനം തുടങ്ങി. ചങ്ങരംകുളം, കോഴിക്കോട്, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്ത ശേഷം 1992 മുതൽ പത്തുവർഷം മസ്കറ്റിലും തൊഴിൽ തേടി എത്തി. നാട്ടിലെത്തിയ ദാസൻ കത്രികയുമായുള്ള ബന്ധം തുടർന്നു. ദാസന്റെ കടയിൽ മുടിവെട്ടാനെത്തിയവരിൽ പലരും ഇന്ന് മക്കളെയും കൂട്ടിയെത്തുന്നവരാണ്. കുട്ടികളായി കസേരയിലിരുന്നവർ വളർന്ന് കുടുംബനാഥന്മാരായും പിന്നീട് അവരുടെ മക്കളുമായും എത്തുന്നത് പതിവ് കാഴ്ചയാണ്.
മുടിവെട്ടുന്നതിനൊപ്പം നാട്ടിലെ വിശേഷങ്ങളും ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും പങ്കുവയ്ക്കുന്ന ഇടം കൂടിയാണ് ദാസന്റെ സ്ഥാപനം. കൃഷ്ണൻകുട്ടിയിൽനിന്ന് ദാസനിലേക്കും മകൻ ധനീഷിലേക്കും എത്തിയ തൊഴിൽപാരമ്പര്യം മൂന്നാം തലമുറയിലും തുടരുകയാണ്. ധനീഷ് വട്ടമാവ് ബാർബർ തൊഴിലിൽ സജീവമാണ്. 66ാം വയസ്സിലും ശിവദാസൻ കത്രിക കൈവിട്ടില്ല. കാലം മാറി, തലമുറകൾ മാറി, മുടിവെട്ടുന്ന രീതികൾ മാറി. എന്നാൽ തൊഴിലിനോടുള്ള ദാസന്റെ ആത്മാർഥതക്ക് മാറ്റമില്ല. രജിനിയാണ് ഭാര്യ. ധനീഷ്, ധന്യ, ധനലക്ഷ്മി എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

