വനിത സംവരണ ബിൽ: ലഭിക്കേണ്ടത് 50 ശതമാനം -സാറാ ജോസഫ്
text_fieldsതൃശൂർ: ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ സ്ത്രീകൾക്ക് ലഭിക്കേണ്ടത് 50 ശതമാനം സംവരണമാണ്. 33 ശതമാനം സംവരണത്തിനായി സ്ത്രീകൾ നിരന്തര പോരാട്ടത്തിലായിരുന്നു. അടുത്തൊരു തെരഞ്ഞെടുപ്പ് അടുത്തുനിൽക്കവെ ബിൽ അവതരിപ്പിച്ചത് രാഷ്ട്രീയ ലാക്കോടുകൂടിയാണ്. ഇതേപാർട്ടി തന്നെയാണ് മുമ്പും ഭരിച്ചത്. അന്നും സ്ത്രീകൾ സംവരണത്തിനുവേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു.
അന്നൊന്നും ചെയ്യാതെ ഇപ്പോൾ ബിൽ അവതരിപ്പിച്ചത് സ്ത്രീകളുടെ വോട്ട് അടുത്ത തെരഞ്ഞെടുപ്പിൽ നിർണായകമാകുമെന്നത് മുന്നിൽകണ്ടാണ്. എങ്കിലും, നിലവിൽ ബിൽ അവതരിപ്പിച്ചതിനെ ചെറുതായി കാണുന്നില്ല. ഇതിനെ ആദ്യ ചവിട്ടുപടിയായി കാണാം. സംവരണം അതിന്റെ അന്തഃസത്ത ഉൾക്കൊണ്ട് എത്ര പാർട്ടികൾ നടപ്പാക്കും എന്നതും പ്രധാനമാണ്. നിയമം പാസാക്കൽ പോലെ നടപ്പാക്കലും പ്രധാനപ്പെട്ടതാണ്.
ആത്യന്തികമായി ജാതി-മത-ലിംഗ ഭേദമില്ലാതെ എല്ലാവർക്കും ഭരണഘടന ഉറപ്പാക്കുന്ന തുല്യത ലഭിക്കുക എന്നതാണ് ലക്ഷ്യമാക്കേണ്ടത്. സ്ത്രീകളെ പോലെ അരികുവത്കരിക്കപ്പെട്ട നിരവധി ജനവിഭാഗങ്ങളുടെ ആകെത്തുകയാണ് ഇന്ത്യ.
ജനസംഖ്യാടിസ്ഥാനത്തിലുള്ള തുല്യതയിലെത്തിയെങ്കിൽ മാത്രമേ സ്ത്രീസമത്വം എന്ന് നേടി എന്നു പറയാനാകൂ. 33 ശതമാനം സ്ത്രീ സംവരണമെന്ന തീരുമാനം താൽകാലികം മാത്രമായേ കാണാനാകൂ. ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യത എന്നാൽ അത് ജനസംഖ്യാടിസ്ഥാനത്തിലുള്ള തുല്യതയാണ്.
ഉടൻ നടപ്പാക്കില്ലെങ്കിൽ ധിറുതി എന്തിന്? -പ്രഫ. കുസുമം ജോസഫ്
തൃശൂർ: വനിത സംവരണ ബിൽ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ അറിയേണ്ടതുണ്ട്. എങ്കിലും പുറത്തുവരുന്ന വിവരമനുസരിച്ച് ഇത് ഉടൻ നടപ്പാക്കില്ലെന്നാണ് മനസ്സിലാകുന്നത്. അങ്ങനെയെങ്കിൽ ഇത് ധിറുതിപ്പെട്ട് അവതരിപ്പിച്ചതിന് പിറകിൽ രാഷ്ട്രീയമുണ്ട്. യു.പി.എ സർക്കാർ രാജ്യസഭയിൽ പാസാക്കിയ വനിത സംവരണ ബിൽ നമ്മുടെ മുന്നിലുണ്ട്.
അതിൽനിന്ന് എന്ത് വ്യത്യാസമാണ് പുതിയ ബില്ലിനുള്ളതെന്നും എന്താണ് പോരായ്മയെന്നുമുള്ള വിശദമായ ചർച്ചകൾ വരേണ്ടതുണ്ട്. വനിതകൾക്ക് സംവരണം ലഭിക്കേണ്ട ഒരു ബിൽ അത്യാവശ്യം തന്നെയാണ്. എന്നാൽ, 2029ൽ നടപ്പാവേണ്ട ഒരുനിയമം ഇപ്പോൾ ധിറുതിപ്പെട്ട് അവതരിപ്പിച്ചത് രാഷ്ട്രീയ കോമാളിത്തമായി മാത്രമേ കാണാനാകൂ.
ജനാധിപത്യത്തിൽ ഭരിക്കുന്ന പാർട്ടിയുടെ അധികാരം അഞ്ച് വർഷത്തേക്കേയുള്ളൂ. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാത്രം നടക്കുന്ന ഭരണമാണിത്. 2024നെ മുന്നിൽ കണ്ട് ജി 20 ഉച്ചകോടി നടത്തുക, പാർലമെന്റ് ഉണ്ടാക്കുക, ശാസ്ത്രജ്ഞരുടെ പരീക്ഷണത്തെ സ്വന്തം പോക്കറ്റിലെത്തിക്കുക എന്നിങ്ങനെ എന്തിലും സങ്കുചിത ചിന്തയുള്ളൊരു ഭരണകൂടവും നേതൃത്വവുമാണിത്. വനിത സംവരണ ബിൽ പാസാക്കിയെടുക്കാൻ ഭരണത്തിൽവന്ന സമയത്തുതന്നെ ഇവർ ഇവർക്ക് നിഷ് പ്രയാസം സാധിക്കുമായിരുന്നു.
അത് ചെയ്യാതെ വർഷങ്ങൾക്കുശേഷം നടപ്പാക്കേണ്ട ഒരു നിയമത്തിനായി ഇപ്പോഴേ ബിൽ അവതരിപ്പിച്ചത് രാജ്യത്തെ സ്ത്രീകളെയും പാർലമെന്റ് മന്ദിരത്തെയും പരിഹസിക്കലായി മാത്രമേ കാണാനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

