വന്യമൃഗ വേട്ട: ഒമ്പത് വർഷമായി ശിക്ഷയില്ലാതെ തൃശൂർ വനം ഡിവിഷൻ
text_fieldsതൃശൂർ: വന്യജീവികളെ വേട്ടയാടിയ കേസുകളിൽ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ തൃശൂർ ഡിവിഷനിൽ ആരെയും ശിക്ഷിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. ഈ കാലയളവിൽ 145 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 64 എണ്ണത്തിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചത്. 33 കേസുകളിൽ നടപടി ഉപേക്ഷിച്ചു. ബാക്കി കേസുകൾ കെട്ടിക്കിടക്കുകയാണ്.
പട്ടിക്കാട് റേഞ്ചിൽ 2015ൽ മുള്ളൻപന്നിയെ വേട്ടയാടിയ കേസ് പോലും ഇതുവരെ തീർന്നിട്ടില്ല. കേസ് രജിസ്റ്റർ ചെയ്ത് 30 ദിവസത്തിനകം കോടതിയിൽ കുറ്റപത്രം സമർപ്പിക്കണം എന്നാണ് വ്യവസ്ഥ. എന്നാൽ ഒരു കേസിലും ഈ വ്യവസ്ഥ പാലിക്കപ്പെടാറില്ല. കീരി രോമം കൊണ്ട് പെയിന്റിങ് ബ്രഷ് ഉണ്ടാക്കിയ കേസിൽ ലാബ് റിപ്പോർട്ടിന് 2019 മുതൽ കാത്തിരിപ്പാണ്.
ഷെഡ്യൂൾ ഒന്നിൽപെട്ട ജീവികൾ ഉൾപ്പെട്ട കേസുകളിൽ പിഴ ഈടാക്കി പ്രതികളെ വിട്ടയക്കരുതെന്നാണ് ചട്ടമെങ്കിലും ഈ വിഭാഗത്തിൽപെട്ട അലക്സാൻഡ്രിയൻ തത്തയെ പിടികൂടിയ കേസിൽ ഉൾപ്പെട്ടവരെ പിഴ ഈടാക്കി വിട്ടയച്ചതായും രേഖകൾ പറയുന്നു. വന്യജീവികളുമായി ബന്ധപ്പെട്ട കേസുകളിൽ പൊതുശ്രദ്ധ പലപ്പോഴും ഉണ്ടാകാറില്ലെന്ന പഴുത് വനം ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യുന്നുവെന്നാണ് മൃഗസ്നേഹി സംഘടന പ്രവർത്തകർ പറയുന്നത്.
സംസ്ഥാനത്ത് വന്യജീവി സംരക്ഷണ നിയമപ്രകാരം എത്ര കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, എത്ര പേരെ ശിക്ഷിച്ചിട്ടുണ്ട് എന്ന ചോദ്യത്തിന് വന്യജീവി വകുപ്പ് അധികൃതരുടെ കൈയിൽ കണക്കില്ല. ഡിവിഷനൽ ഫോറസ്റ്റ് ഓഫിസുകളിൽ അന്വേഷിക്കാനാണ് മറുപടി. വന്യജീവികളെ വേട്ടയാടിയ കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ നിരീക്ഷണ സംവിധാനമൊന്നും വനംവകുപ്പിൽ ഇല്ലാ
ത്തതും ഉദ്യോഗസ്ഥർക്ക് അനുഗ്രഹമാവുകയാണ്. അനിമൽ ലീഗൽ ഫോഴ്സ് പ്രസിഡന്റ് അമ്മു സുധിലിന് തൃശൂർ ഡിവിഷനൽ ഫോറസ്റ്റ് ഓഫിസിൽ നിന്നും ലഭിച്ച വിവരാവകാശ രേഖകളിലാണ് ഈ വിശദാംശമുള്ളത്.
നാട്ടാനകൾക്ക് എതിരെയുള്ള ക്രൂരതയിലും കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ആരെയും ശിക്ഷിച്ചിട്ടില്ല എന്നാണ് തൃശൂർ സോഷ്യൽ ഫോറസ്ട്രി ഓഫിസിൽ നിന്ന് ലഭിച്ച വിവരാവകാശ രേഖയിൽ വ്യക്തമാകുന്നത്. അകെ 37 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

