വന്യമൃഗ ശല്യം; അതിരപ്പിള്ളിയിൽ തൂക്കുവേലി നിർമാണം തുടങ്ങി
text_fieldsഅതിരപ്പിള്ളിയിൽ തൂക്കുവേലി നിർമാണത്തിന് പണികൾ നടത്തുന്നു
അതിരപ്പിള്ളി: വന്യമൃഗശല്യം രൂക്ഷമാകുന്ന അതിരപ്പിള്ളി മേഖലയിൽ തൂക്കുവേലി നിർമാണം തുടങ്ങി. 14.25 കോടി രൂപ നബാർഡ് ഫണ്ട് ചെലവഴിച്ച് സംസ്ഥാന സർക്കാറാണ് പദ്ധതി നടപ്പാക്കുന്നത്. ചാലക്കുടി പുഴയോരം കേന്ദ്രീകരിച്ച് ആകെ 78 കിലോമീറ്റർ ദൂരമാണ് തൂക്കുവേലി നിർമിക്കുക. അതിരപ്പിള്ളി, പരിയാരം, പ്ലാന്റേഷൻ പ്രദേശങ്ങളിലാണ് നിർമാണം നടക്കുക. ഇതിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം ആരംഭിച്ചു. മരങ്ങൾ മുറിച്ച് മണ്ണുമാന്തി ഉപയോഗിച്ച് നിലമൊരുക്കൽ പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. തൂണുകൾ നിർമിക്കാനുള്ള കോൺക്രീറ്റ് പ്രവൃത്തികളും തുടർന്നുള്ള ദിവസങ്ങളിൽ നടക്കും.
അതിരപ്പിള്ളിയിൽ പുഴയോരത്ത് അരൂർമുഴി മുതൽ കണ്ണൻകുഴി വരെ ഒമ്പത് കിലോമീറ്റർ ഫെൻസിങ് നിർമാണത്തിന്റെ ഒന്നാംഘട്ടമാണ് ആരംഭിച്ചത്. വരും ദിവസങ്ങളിൽ ഇതിന്റെ തുടർച്ചയായി കണ്ണംകുഴി മുതൽ ചക്രപാണിയിലെ വിരിപ്പാറ വരെയുള്ള ഒമ്പത് കിലോമീറ്റർ ദൂരമുള്ള രണ്ടാം ഘട്ടവും ആരംഭിക്കും. അതോടൊപ്പം പുഴയുടെ മറുകരയിൽ പ്ലാന്റേഷൻ മേഖലയിലെ 60 കിലോ മീറ്റർ തൂക്കുവേലി നിർമാണം അടുത്ത ആഴ്ചയിൽ ആരംഭിക്കും. ഇവിടെ പ്രധാനമായും പുഴയോരത്തും റോഡരികിലുമാണ് ഫെൻസിങ് നിർമാണം.
അതിരപ്പിള്ളിയിൽ പ്രതിദിനം പെരുകിവരുന്ന വന്യമൃഗശല്യത്തിനെതിരെ തൂക്കുവേലി നിർമാണം നടത്തണമെന്ന് നാളുകളായി പ്രദേശവാസികൾ മുറവിളി ഉയർത്തിക്കൊണ്ടിരിക്കുകയാണ്. പുഴ കടന്നെത്തുന്ന കാട്ടാനക്കൂട്ടമാണ് ഏറ്റവും ഭീകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നത്. രാപകൽ ഇവയുടെ വിളയാട്ടം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണ്. കിടങ്ങുകൾ കാട്ടാന ചാടി കടക്കുകയും സൗരോർജ വേലികൾ തടി ഉപയോഗിച്ച് തകർക്കുകയും ചെയ്യുന്നു. അതിനാലാണ് തൂക്കുവേലി വേണമെന്ന ആവശ്യം ശക്തമായത്. സർക്കാർ ഒരു വർഷം മുമ്പ് ഇതിന് അനുമതി നൽകിയിരുന്നു. തൂണുകൾ നിർമിച്ച് പുഴയോരത്തൂടെയാണ് ഇത് സ്ഥാപിക്കേണ്ടത്. അതിരപ്പിള്ളിയിലും പ്ലാന്റേഷനിലും എണ്ണപ്പനകൾ കൃഷി ചെയ്യുന്നുണ്ട്. അതിനാൽ എണ്ണപ്പനകൾ മുറിച്ച് മാറ്റിയാലേ നിർമാണം നടക്കൂ. പ്ലാന്റേഷൻ കോർപറേഷൻ അനുമതി ലഭിക്കാൻ കാത്തിരുന്നതാണ് പദ്ധതി വൈകാൻ ഒരു കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

