ജനവാസ മേഖലകളിൽ കാട്ടാനകളുടെ താണ്ഡവം; ശാശ്വത പരിഹാരം കാണാതെ അധികൃതർ
text_fieldsചെറുതുരുത്തി: വന്യജീവി ശല്യം രൂക്ഷമായിട്ടും ശാശ്വത പരിഹാരം കാണാത്ത അധികൃതരുടെ അനാസ്ഥക്കെതിരെ പാഞ്ഞാൾ, ചേലക്കര മേഖലകളിൽ ജനരോഷം ശക്തമാകുന്നു. ജനവാസ മേഖലകളിലിറങ്ങുന്ന കാട്ടാനകൾ വീടുകൾക്കും കൃഷിക്കും വ്യാപക നാശം വരുത്തുന്നത് പ്രദേശത്ത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ കൃഷി നാശമുണ്ടായിട്ടും അധികൃതർ നടത്തുന്ന യോഗങ്ങൾ പ്രഹസനമായി മാറുകയാണെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം.
കിള്ളിമംഗലം ചിറങ്ങോണം, മണലാടി, ഒലിപ്പാറ ഉന്നതി, തൊട്ടേക്കോട്, തോണൂർക്കര മേഖലകളിലാണ് കാട്ടാനകളുടെ താണ്ഡവം അതീവ ഗുരുതരമായി തുടരുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഏക്കറ് കണക്കിന് വാഴകളും തെങ്ങുകളും മറ്റ് കാർഷിക വിളകളുമാണ് കാട്ടാനക്കൂട്ടം പൂർണമായും ചവിട്ടിമെതിച്ചത്. കർഷകർക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായത്. പ്രദേശത്ത് മുൻപ് സ്ഥാപിച്ച സൗര വൈദ്യുത വേലികളും അലാറം സംവിധാനങ്ങളും പാടേ പരാജയപ്പെട്ട അവസ്ഥയിലാണ്. സുരക്ഷാ സംവിധാനങ്ങളെല്ലാം തകർത്താണ് ആനകൾ ജനവാസമേഖലയിലേക്ക് എത്തുന്നത്.
പീച്ചി വനമേഖലയിൽ നിന്നും കുതിരാൻ വഴി മച്ചാട് മലയിലെത്തിയ കാട്ടാനകളെ കുങ്കിയാനകളുടെ സഹായത്തോടെ കുതിരാൻ മലയിലേക്ക് തന്നെ തിരിച്ചയക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. കൂടാതെ, മച്ചാട് മലയിലേക്ക് ആനകൾക്ക് കടക്കാനാവാത്ത വിധം പ്രതിരോധ സംവിധാനം ഒരുക്കണമെന്നാണ് ആവശ്യം. ഉപയോഗശൂന്യമായ റെയിലുകൾ ഉപയോഗിച്ച് അടിയന്തരമായി വേലി (റെയിൽ ഫെൻസിങ്) സ്ഥാപിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ വനംവകുപ്പും ജനപ്രതിനിധികളും ഇടപെടുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി തെരുവിൽ ഇറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. അതിനിടെ, വിഷയത്തിൽ പാഞ്ഞാൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ദീപ് കോന്നനത്തിന്റെ അധ്യക്ഷതയിൽ വനപാലകരുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

