കേടായതിനെ തുടർന്ന് അതിരപ്പിള്ളിയിൽ നിർത്തിയിട്ട കാർ കാട്ടാനക്കൂട്ടം തകർത്തു
text_fieldsമലക്കപ്പാറ റോഡിൽ കേടായ കാർ രാത്രിയിൽ കാട്ടാനകൾ
തകർക്കുന്നു
അതിരപ്പിള്ളി: കേടായതിനെ തുടർന്ന് മലക്കപ്പാറ റോഡിൽ നിർത്തിയിട്ട കാർ രാത്രിയിൽ കാട്ടാനക്കൂട്ടം പൂർണമായും തകർത്തു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. അങ്കമാലി കറുകുറ്റി സ്വദേശികളുടെ കാർ മലക്കപ്പാറ യാത്ര കഴിഞ്ഞ് തിരിച്ചുവരുമ്പോൾ കേടായതിനെ തുടർന്ന് വഴിയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. മറ്റൊരു വാഹനത്തിൽ സ്ത്രീകളും കുട്ടികളുമടക്കം കയറിപ്പോയിരുന്നു. പിന്നീട് കാർ നന്നാക്കാൻ രാത്രിയിൽ മെക്കാനിക്കുകളെയും കൊണ്ട് ഉടമസ്ഥൻ വന്നപ്പോൾ കാട്ടാനക്കൂട്ടം കാർ തലകീഴായി മറിച്ചിട്ട് തകർക്കുന്ന കാഴ്ചയാണ് കണ്ടത്.
കാട്ടാനകളെ ഓടിച്ചുവിടാൻ ശ്രമിച്ചെങ്കിലും പുലർച്ച വരെ കാറിന് സമീപംനിന്ന് തല്ലിപ്പൊളിക്കുകയായിരുന്നു. കാർ നിർത്തിയിട്ട വിവരം വാഴച്ചാൽ ചെക്ക് പോസ്റ്റിലെ വനപാലകരെ അറിയിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. മാത്രമല്ല, വനപാതയിൽ കിടന്ന വാഹനത്തിന്റെ രണ്ട് ഹെഡ് ലൈറ്റുകളും ബാറ്ററിയും ആൻഡ്രോയിഡ് സ്റ്റീരിയോ സെറ്റും ആരോ ഊരികൊണ്ടുപോയ നിലയിലായിരുന്നു.
ഇത് സംബന്ധിച്ച് അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കേടായ വാഹനം ഡെലിവറി വാഹനത്തിൽ കയറ്റി പകൽ സമയത്ത് കറുകുറ്റിയിലേക്ക് തിരിച്ചുകൊണ്ടുപോയി. ഏതാനും ദിവസം മുമ്പും സമാന സംഭവം നടന്നിരുന്നു. പുളിയിലപ്പാറ ഭാഗത്ത് കേടുവന്നതിനെ തുടർന്ന് നിർത്തിയിട്ട മലപ്പുറം സ്വദേശികളുടെ വാനാണ് അന്ന് തകർത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

