പുഴയിൽ കുടുങ്ങിയ കാട്ടാന ഒഴുക്കിനോട് പൊരുതി കരകയറി
text_fieldsവാഴച്ചാലിൽ പുഴയിൽ ഒഴുക്കിൽപെട്ട കാട്ടാന
അതിരപ്പിള്ളി: കനത്ത മഴയെ തുടർന്ന് പെരിങ്ങൽക്കുത്തിലെ സ്ലൂയിസ് വാൽവ് തുറന്നതിനെ തുടർന്ന് ജലനിരപ്പ് ഉയർന്നപ്പോൾ ചാലക്കുടിപ്പുഴയിൽ കാട്ടുകൊമ്പൻ കുടുങ്ങി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനു ശേഷമാണ് കാട്ടാനക്ക് വെള്ളത്തിൽനിന്ന് കരകയറാൻ കഴിഞ്ഞത്.
വ്യാഴാഴ്ച രാവിലെ 10ഓടെയാണ് സംഭവം മറ്റുള്ളവരുടെ ശ്രദ്ധയിൽപെട്ടത്. വാഴച്ചാൽ പാലത്തിന് സമീപം പുഴയിൽ ഒഴുക്കിൽപ്പെട്ട് കരകയറാൻ കഴിയാതെ പ്രയാസപ്പെടുന്ന കാഴ്ച ഏറെ ദയനീയമായിരുന്നു. പുഴ കടക്കാൻ ശ്രമിക്കുന്നതിനിടെയാവാം മലവെള്ളപ്പാച്ചിലിൽപെട്ടതെന്ന് കരുതുന്നു. ബുധനാഴ്ച രാത്രി മുതൽ പുഴയിൽ വെള്ളം ഉയർന്നിരുന്നു.
പുഴയിലെ ശക്തമായ ഒഴുക്കിനോട് കഠിനമായി പൊരുതി ഏറെ പരിശ്രമത്തിനൊടുവിൽ ഉച്ചക്ക് ഒന്നോടെ കരക്ക് കയറുകയായിരുന്നു. തുടർന്ന് കാട്ടിലേക്ക് കയറിപ്പോയി.
വിവരമറിഞ്ഞ് വാഴച്ചാൽ വനം ഡിവിഷനിലെ ചാർപ്പ, വാഴച്ചാൽ റേഞ്ചുകളിലെ വനപാലകർ സ്ഥലത്തെത്തിയിരുന്നു. ക്ഷീണിതനായ കാട്ടാനയെ വനപാലകർ തുടർനിരീക്ഷണം നടത്തും.
നേരത്തെയും ഇത്തരം സംഭവം പ്രദേശത്ത് ഉണ്ടായിട്ടുണ്ട്. പുഴയിലെ തുരുത്തിൽ അകപ്പെട്ട കാട്ടാന അന്നും ഏറെ പരിശ്രമത്തിന് ശേഷമാണ് രക്ഷപ്പെട്ടത്. വെള്ളത്തിൽ ജീവനു വേണ്ടി പൊരുതുന്ന കാട്ടാനയുടെ ദൃശ്യങ്ങൾ ലോകമെമ്പാടും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

