തുമ്പൂർമുഴിയിൽ കാട്ടാനകൾ ചായക്കട തകർത്തു
text_fieldsഅതിരപ്പിള്ളി: തുമ്പൂർമുഴിയിൽ കാട്ടാന വിളയാട്ടം. വഴിയോരത്തെ ചായക്കട തകർത്തു. കുറച്ചുദിവസങ്ങളായി തുമ്പൂര്‍മുഴിയില്‍ പ്രദേശവാസികൾക്കും സഞ്ചാരികൾക്കും തലവേദനയാകുകയാണ് ആനകൾ. ചായക്കടയിലെ സാധനസാമഗ്രികള്‍ വലിച്ചിടുകയും ഗ്രില്ല് തകര്‍ക്കുകയും ചെയ്തു. കൊന്നക്കുഴി സ്വദേശിനി സുഹറയുടെ കടയാണിത്. ആറ് ആനകള്‍ അടങ്ങുന്ന സംഘം കടയുടെ ഭാഗത്ത് എത്തിയിരുന്നു.
വേനൽ ശക്തമായതോടെയാണ് ആനകൾ ജനവാസ മേഖലയിലേക്ക് എത്തുന്നത്. പുഴയിലേക്കും എണ്ണപ്പനത്തോട്ടത്തിലേക്കും വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടിയാണ് എത്തുന്നത്. ആനകൾ കാട്ടിലേക്ക് മടങ്ങാതെ റോഡിലും മറ്റും ഇറങ്ങുന്നത് യാത്രക്കാർക്ക് ഭീഷണിയായി. ഇരുചക്രവാഹനങ്ങളിൽ പോകുന്നവർ ഭീതിയോടെയാണ് ഈ മേഖലയിൽ സഞ്ചരിക്കുന്നത്.

