തുമ്പൂർമുഴിയിൽ കാർ ആക്രമിച്ച് കാട്ടാന
text_fieldsതുമ്പൂർമുഴിയിൽ കാട്ടാന തകർത്ത കാർ
അതിരപ്പിള്ളി: തുമ്പൂർമുഴിയിൽ വിനോദസഞ്ചാരികളുടെ കാർ കാട്ടാന ആക്രമിച്ചു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാറിനു നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാവിലെ ഏഴോടെ മലക്കപ്പാറയിലേക്കു പോകുന്നതിനിടെയാണ് സംഭവം.
തുമ്പൂർമുഴി ഉദ്യാനം പിന്നിട്ട് അൽപദൂരം കഴിഞ്ഞപ്പോൾ റോഡിൽ മുന്നിലായി കാട്ടാനയെ കണ്ടപ്പോൾ ഇവർ കാർ നിർത്തിയിട്ടു. കാറിൽനിന്ന് ആരും ഇറങ്ങിയിരുന്നില്ല. മൊബൈൽ ഫോൺ ഉപയോഗിച്ച് കാട്ടാനയുടെ വിഡിയോ ചിത്രീകരിക്കുന്നതിനിടെ പിന്നിൽനിന്ന് ഇവരറിയാതെ എത്തിയ മറ്റൊരു കാട്ടാന കാറിനു പിന്നിൽ ആക്രമിക്കുകയായിരുന്നു.
തുമ്പിക്കൈകൊണ്ട് അടിച്ച് ഒരു വശത്തെ ഡോർ തകർക്കുകയും ചില്ല് പൊളിക്കുകയും ചെയ്തു. ഇതോടെ കാറിനുള്ളിൽനിന്ന് കൂട്ടനിലവിളി ഉയർന്നു. പിന്നിൽ അൽപം അകലെയുണ്ടായിരുന്ന മറ്റു വാഹനങ്ങളിലുള്ളവരും ശബ്ദമുണ്ടാക്കി ആനകളെ തുരത്തി. ഇവിടം കാട്ടാനകൾ റോഡ് മുറിച്ചുകടക്കാറുള്ള സ്ഥലമാണ്. ഈ സമയത്ത് മൂന്ന് ആനകൾ അവിടെ ഉണ്ടായിരുന്നു.
മുന്നിൽ മാത്രം ശ്രദ്ധിച്ചതിനാൽ പിന്നിൽനിന്ന് വന്ന ആനയെ കാണാനാവാത്തത് സഞ്ചാരികളെ കുഴപ്പത്തിൽ ചാടിക്കുകയായിരുന്നു. കാർ കേടുവന്നതിനാൽ സംഘം യാത്ര പൂർത്തിയാക്കാനാവാതെ മലപ്പുറത്തേക്കു മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

