മലക്കപ്പാറയിൽ കാട്ടാന ആക്രമണം; മൂന്നു തൊഴിലാളികൾക്ക് പരിക്ക്
text_fieldsഅതിരപ്പിള്ളി: മലക്കപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ മൂന്നു തോട്ടം തൊഴിലാളികൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ മലക്കപ്പാറ കസേരപ്പാറ ഭാഗത്ത് ബ്ലോക്ക് 46ൽ തേയില നുള്ളാൻ പോയ തൊഴിലാളികൾക്കാണ് പരിക്കേറ്റത്. തോട്ടത്തിൽ കാട്ടാന എത്തിയതറിഞ്ഞ തൊഴിലാളികൾ ജോലിക്കിടെ ആനയെ നിരീക്ഷിക്കാൻ പോയപ്പോഴാണ് സംഭവം. പെട്ടെന്ന് ആന തൊഴിലാളികളെ ഓടിക്കുകയായിരുന്നു. ഓട്ടത്തിനിടെ രാധ എന്ന തൊഴിലാളിക്കും മറ്റൊരാൾക്കും നിലത്തുവീണ് പരിക്കേറ്റു.
രാജേശ്വരിയുടെ കൈയിൽ ആന തുമ്പിക്കൈകൊണ്ട് അടിക്കുകയായിരുന്നു. പരിക്കേറ്റവരെ മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരുടെയും ടാറ്റ എസ്റ്റേറ്റ് മാനേജറുടെയും നേതൃത്വത്തിൽ ഉരുളിക്കലിലെ ആശുപത്രിയിൽ എത്തിച്ചു. രാജേശ്വരിയുടെ കൈക്ക് പൊട്ടലുള്ളതിനാൽ തുടർചികിത്സക്കായി മെഡിക്കൽ സംഘത്തിന്റെ അകമ്പടിയോടെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

