വനാതിര്‍ത്തി ഗ്രാമങ്ങളിലെ കാട്ടാന ശല്യം; വൈദ്യുതി വിതരണത്തിന് കേബിൾ ലൈൻ വേണമെന്ന് നാട്ടുകാർ
text_fieldsവെള്ളിക്കുളങ്ങര: മറ്റത്തൂര്‍ പഞ്ചായത്തിലെ വനാതിര്‍ത്തി ഗ്രാമങ്ങളായ ചൊക്കന, നായാട്ടുകുണ്ട്, ആദിവാസി ഉന്നതികളായ ശാസ്താംപൂവം, കാരിക്കടവ് എന്നിവിടങ്ങളിലേക്ക് വൈദ്യുതി എത്തിക്കുന്ന 11 കെ.വി ലൈന്‍ എച്ച്.ടി ലൈന്‍ മാറ്റി എ.ബി.സി ലൈന്‍ (കേബിള്‍ ലൈന്‍) ആക്കി മാറ്റണമെന്ന പ്രദേശവാസികളുടെ ആവശ്യം വനരോദനമായി മാറുന്നു.
വൈദ്യുതി മന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയിട്ടും നടപടി വൈകുകയാണെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു. വെള്ളിക്കുളങ്ങര സബ് സ്റ്റേഷനില്‍ നിന്ന് 10 കിലോമീറ്ററിലധികം നീളത്തില്‍ വനത്തിലൂടെ വലിച്ചിട്ടുള്ള 11 കെ.വി ലൈനിലൂടെയാണ് നായാട്ടുകുണ്ട്, ചൊക്കന ഗ്രാമങ്ങളിലേക്കും കാരിക്കടവ്, ശാസ്താംപൂവം ആദിവാസി ഉന്നതികളിലേക്കും വൈദ്യുതി എത്തുന്നത്.
കാറ്റിലും മഴയിലും മരങ്ങള്‍ ഒടിഞ്ഞ് ലൈനിലേക്ക് വീഴുന്നതിനാൽ പലപ്പോഴും ഇരുട്ടില്‍ കഴിയേണ്ട ഗതികേടിലാണ് ഇവിടെയുള്ളവര്‍. ശാസ്താംപൂവം, കാരിക്കടവ് ആദിവാസി ഉന്നതികളിലേക്കും ഇതേ ലൈനില്കൂടിയാണ് വൈദ്യുതിയെത്തുന്നത്.
കാറ്റില്‍ മരങ്ങള്‍ വീഴുന്നതിനു പുറമെ കാട്ടാനകള്‍ നിരന്തരം റബര്‍ മരങ്ങള്‍ തള്ളി മറിച്ചിടുന്നതും വൈദ്യുതി തകരാറിനു കാരണമാകാറുണ്ട്. കാരിക്കടവ് ഉന്നതിയിലേക്കുള്ള ലൈനിലാണ് കാട്ടാനകള്‍ റബര്‍മരങ്ങള്‍ മറിച്ചിടാറുള്ളത്.
കാട്ടാനശല്യം രൂക്ഷമായ കാരിക്കടവ് ഭാഗത്തേക്ക് വന്യമൃഗങ്ങളെ ഭയന്ന് രാത്രിയായാല്‍ ആരും യാത്ര ചെയ്യാറില്ല. കാട്ടാനയുടെ ആക്രമണത്തില്‍ ഈ പ്രദേശത്ത് മരണങ്ങളും ഉണ്ടായിട്ടുണ്ട്. വൈദ്യുതി വകുപ്പ് ജീവനക്കാരെയും ആനകള്‍ ഓടിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ചൊക്കന, കാരിക്കടവ് ലൈനില്‍ തകരാര്‍ ഉണ്ടായാല്‍ രണ്ട് ആദിവാസി ഉന്നതികളും ചൊക്കനയിലെ തോട്ടം തൊഴിലാളികളുടെ പാഡികളും നായാട്ടുകുണ്ടിലെ നൂറോളം കുടുംബങ്ങളും ഇരുട്ടിലാകും.
മൊബൈല്‍ ഫോണിന് പൊതുവേ റേഞ്ച് കുറവായ ഇവിടെ വൈഫൈ മുഖേനയുള്ള ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്തിയാണ് പുറംലേകത്തുള്ളവരുമായി ബന്ധപ്പെടുന്നത്. വൈദ്യുതി നിലച്ചാല്‍ ഇതിനു കഴിയാതെ വരും.
വെള്ളിക്കുളങ്ങര സെക്ഷന്‍ പരിധിയിലെ നായാട്ടുകുണ്ട് ഫീഡറിലെ കട്ടിപ്പൊക്കം മുതല്‍ ചൊക്കന, കാരിക്കടവ്, ശാസ്താംപൂവം വരെയുള്ള എച്ച്.ടി ലൈന്‍ കേബിള്‍ ലൈന്‍ (എ.ബി.സി) ലൈന്‍ ആക്കി മാറ്റിയാല്‍ ഈ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കപ്പെടുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

