കാട്ടുപോത്ത് ബാക്കിവെച്ചത് ജീവൻ മാത്രം; വേലാവുവിന് കിട്ടിയത് 2000 രൂപ
text_fieldsവേലാവു
തൃശൂർ: ഒന്നര വർഷം മുമ്പ് വാഴച്ചാൽ ഡിവിഷനിലെ ആനക്കയം കോളനിയിൽവെച്ച് കാട്ടുപോത്ത് ആക്രമിച്ച് ജീവൻ ബാക്കിവെച്ചതാണ് വേലാവുവിനെ. നാളിതുവരെ സർക്കാർ സഹായമായി ലഭിച്ചത് 2000 രൂപ. കഷ്ടിച്ച് വേച്ചുനടക്കാൻ മാത്രമേ വേലാവുവിനാകൂ. തന്റെ ദൈന്യാവസ്ഥ സമൂഹത്തെ അറിയിക്കാൻ തൃശൂർ പ്രസ് ക്ലബിലെത്തിയതാണ് വേലാവു.
വനവിഭവങ്ങൾ ശേഖരിക്കുന്ന മലയർ വിഭാഗത്തിൽപ്പെട്ടയാളാണ്. വനവിഭവം ശേഖരിക്കുമ്പോഴായിരുന്നു ആക്രമണം. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ്, ചാലക്കുടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ മൂന്ന് മാസമാണ് കഴിഞ്ഞത്. ഇപ്പോൾ മക്കൾക്കും മരുമക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ആദിവാസി കോളനിയിലാണ് താമസം.
സർക്കാർ സഹായം ആരോ തന്നു എന്ന് മാത്രമേ വീരാവുവിന് അറിയാവൂ. വാഴച്ചാൽ ഡിവിഷന് കീഴിലെ വനസംരക്ഷണ സമിതി പ്രവർത്തകനായിരുന്നു ഇദ്ദേഹം. ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നവർക്ക് വാഴച്ചാൽ ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസി ഫണ്ട് ലഭ്യമാക്കാവുന്നതായിരുന്നു.
അത് ലഭിച്ചില്ല. നേരത്തേ വനവിഭവങ്ങൾ ശേഖരിക്കുന്ന ആദിവാസികൾക്ക് ഇൻഷുറൻസ് ഉണ്ടായിരുന്നു. ഇപ്പോൾ അതും നിലച്ചു. ആദിവാസികൾ നിരന്തരം വന്യജീവി ആക്രമണത്തിന് ഇരയാവുന്നുണ്ട്. അത്തരക്കാരെ സഹായിക്കാൻ ഫണ്ടുകൾ പലതും ലഭ്യമാകുമെന്നിരിക്കേ അവ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉപയോഗപ്പെടുത്തുന്നില്ലെന്ന് ആദിവാസി ക്ഷേമ പ്രവർത്തകർ കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

