വന്യമൃഗ ശല്യം; പ്രതിരോധ സേനക്ക് രൂപം നൽകി അതിരപ്പിള്ളി പഞ്ചായത്ത്
text_fieldsചാലക്കുടി: വന്യമൃഗ ശല്യം ചെറുക്കുന്നതിനായി സംസ്ഥാനത്ത് ആദ്യമായി സ്വന്തം നിലയിൽ പ്രതിരോധ സേനക്ക് രൂപം നൽകി അതിരപ്പിള്ളി പഞ്ചായത്ത്. 710 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ പ്രദേശവാസികളായ 16 പേരെയാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രത്യേക പരിശീലനവും ഇന്റർവ്യൂവും നടത്തി നിയമിച്ചിരിക്കുന്നത്. ഇവർക്ക് യൂനിഫോം, ടോർച്ച്, വാഹനം എന്നിവ പഞ്ചായത്ത് നൽകും.
വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെയാണ് സേനയുടെ സേവനം ലഭ്യമാവുക. സംസ്ഥാന സർക്കാരിന്റെ പ്രത്യേക അനുമതിയിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചാലക്കുടി വനം ഡിവിഷനിലെ പ്രദേശങ്ങളിലാണ് പ്രത്യേക വാച്ചർമാരെ നിയമിച്ചിട്ടുള്ളത്. പഞ്ചായത്തിലെ പടിഞ്ഞാറൻ മേഖലയായ തുമ്പൂർമുഴി, വെട്ടിക്കുഴി പ്രദേശങ്ങൾ മുതൽ കണ്ണൻ കുഴി പാലം വരെ പ്രതിരോധ സേനയുടെ സേവനം ലഭ്യമാകും. ഈ സാമ്പത്തിക വർഷം അഞ്ച് ലക്ഷം രൂപയാണ് പദ്ധതിക്കായി ഭരണസമിതി വകയിരുത്തിയിരിക്കുന്നത്. വരും വർഷങ്ങളിൽ അധിക തുക നീക്കി വെച്ച് കൂടുതൽ ആളുകളെ കൂടി നിയമിച്ചു പദ്ധതി വിപുലീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. റിജേഷ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

