നാട് കീഴടക്കി വന്യമൃഗങ്ങൾ; ജീവിക്കാനാകാതെ നാട്ടിലുള്ളവർ
text_fieldsവെള്ളിക്കുളങ്ങര: ചൊക്കന, മുപ്ലി മേഖലയില്‍ വന്യമൃഗശല്യം തടയുന്നതിന് സര്‍ക്കാരിന്റെ ഭാഗത്ത് കാര്യമായ ഇടപെടല്‍ ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് പ്രദേശത്തെ തോട്ടംതൊഴിലാളികളും കര്‍ഷകരും പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നു.
കഴിഞ്ഞദിവസം ചൊക്കനയില്‍ ചേര്‍ന്ന പ്രദേശവാസികളുടെ യോഗം ഇതിനായി ജനകീയസമിതിക്ക് രൂപം നല്കി. തോട്ടം മേഖലയിലെ തൊഴിലാളികളുടേയും കര്‍ഷകരുടേയും പ്രശ്നങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനുള്ള ആദ്യചുവടുവെപ്പെന്ന നിലയില്‍ വനം ഡിവിഷന് ഓഫിസിലേക്ക് മാര്‍ച്ച് നടത്താനാണ് ജനകീയ സമിതിയുടെ തീരുമാനമെന്ന് ചെയര്മാന് ജോബിള്‍ വടാശേരി പറഞ്ഞു.
വനത്തില്‍ മതിയായ തീറ്റയും വെള്ളവും ലഭ്യമാകാതെ വന്നപ്പോഴാണ് കാട്ടാനക്കൂട്ടങ്ങള്‍ കാടുവിട്ട് റബര്‍ തോട്ടങ്ങളില്‍ തമ്പടിക്കാന്‍ തുടങ്ങിയത്. ചൊക്കന, മുപ്ലി മേഖലയിലെ റബര്‍ തോട്ടങ്ങളിലായി നൂറിലേറെ കാട്ടാനകളാണ് ഇങ്ങനെ തമ്പടിച്ചിട്ടുള്ളത്. പകലും രാത്രിയിലും ഒരുപോലെ തോട്ടങ്ങളില്‍ വിഹരിക്കുന്ന കാട്ടാനകള്‍ ടാപ്പിങ് തൊഴിലാളികള്‍ക്ക് പേടിസ്വപ്നമായി മാറിയിട്ട് വര്‍ഷങ്ങളായി.
മുപ്ലി പുഴയുടെ ഇരുവശങ്ങളിലുമായുള്ള റബര്‍ തോട്ടങ്ങളിലാണ് കാട്ടാനകള്‍ കൂട്ടമായി തമ്പടിച്ചിട്ടുള്ളത്. റബര്‍ മരങ്ങളുടെ തൊലിയും ഇലകളും കാട്ടാനകള്‍ തിന്നുന്നതിനാല്‍ മരങ്ങള്‍ നശിച്ചുപോകുകയാണ്. ചൊക്കന, കാരിക്കടവ്, മുപ്ലി പ്രദേശങ്ങളില്‍ മാത്രം നൂറിലേറെ ഏക്കര്‍ സ്ഥലത്തെ റബര്‍ കൃഷി ഇത്തരത്തില്‍ കാട്ടാനകള്‍ നശിപ്പിച്ചിട്ടുണ്ട്. മുറിച്ചുമാറ്റുന്ന റബര്‍ മരങ്ങള്‍ക്ക് പകരം നട്ടുപിടിപ്പിക്കുന്ന തൈകളും ആനകള്‍ തിന്നുനശിപ്പിക്കുന്നത് തോട്ടം മേഖലയില്‍ തൊഴില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു.
നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന വന്യമൃഗശല്യം രൂക്ഷമായ സാഹചര്യത്തില്‍ മനസ്സമാധാനത്തോടെ ജോലി ചെയ്യാനോ റോഡിലൂടെ യാത്ര ചെയ്യാനോ സ്വന്തം കൃഷിയിടത്തില്‍ കൃഷി ചെയ്യാനോ പറ്റാത്ത സാഹചര്യമാണ്. വനം വകുപ്പോ സര്‍ക്കാരോ ഈ പ്രശ്നത്തില്‍ യാതൊരു ഇടപെടലും നടത്താത്തതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നതെന്ന് ജനകീയ സമരസമതി കണ്‍വീനറും തൊട്ടം തൊഴിലാളിയുമായ മുഹമ്മദലി പറഞ്ഞു.
വന്യമൃഗങ്ങളെ ഭയന്ന് കുട്ടികളെ സ്കൂളിലേക്ക് അയക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ് നായാട്ടുകുണ്ട് -ചൊക്കന മേഖലയിലുള്ളതെന്ന് പ്രദേശവാസികള്‍ പറയുന്നു. നായാട്ടുകുണ്ട് സൂര്യ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ ഈ മാസം 23ന് ചാലക്കുടി ഡി.എഫ്.ഒ ഓഫിസിലേക്ക് പ്രദേശവാസികള്‍ മാര്‍ച്ചും തുടര്‍ന്ന് പ്രതിഷേധ സദസ്സും സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

