ഈ കാത്തിരിപ്പ് എന്ന് തീരും?
text_fieldsപൂങ്കുന്നം റെയിൽവേ ഗേറ്റ്
തൃശൂർ: പതിറ്റാണ്ടുകളുടെ കാത്തിരിപ്പും സ്വപ്നവുമായ ഗുരുവായൂർ മേൽപാലം ഒടുവിൽ യാഥാർഥ്യമായി നാളെ യാത്രക്കായി തുറന്നുകൊടുക്കുമ്പോൾ ജില്ലയിൽ ഒടുങ്ങാത്ത കാത്തിരിപ്പുമായി നിരവധി സ്ഥലങ്ങൾ വേറെയുമുണ്ട്. പൂങ്കുന്നം, വടൂക്കര, പോട്ടോർ, ഒല്ലൂർ, പുതുക്കാട്, മുള്ളൂർക്കര, എങ്കക്കാട് എന്നിവ അതിലെ ചിലതാണ്.
വടക്കാഞ്ചേരി, തിരുവെങ്കിടം എന്നിവിടങ്ങളിലെ അടച്ചുപൂട്ടിയ ഗേറ്റിന്റെ ദുർഗതിയിൽ കിലോമീറ്ററുകൾ അധികം യാത്ര ചെയ്യേണ്ടി വരുന്നവരുമുണ്ട്. ഇവിടങ്ങളിൽ അടിപ്പാതയോ മേൽപാലമോ വേണമെന്ന ആവശ്യത്തിന് ഇതുവരെയും അധികൃതർ ചെവി കൊടുത്തിട്ടില്ല.
തിരക്കുപിടിച്ച ദിവസത്തിൽ ഏറിയ സമയവും ഗേറ്റുകളിൽ കുടുങ്ങി തുലയുന്ന നിരവധി ജീവിതങ്ങളുണ്ട്. പൂങ്കുന്നത്തുനിന്ന് തിരക്കൊഴിവാക്കി തൃശൂർ നഗരത്തിലേക്കും നഗരത്തിൽനിന്ന് കുന്നംകുളം ഭാഗത്തേക്കും പോകാൻ എളുപ്പ വഴിയാണ് തിരുവമ്പാടി ക്ഷേത്രത്തിന് മുന്നിൽ നിന്നുള്ള പൂങ്കുന്നത്തേക്കുള്ള ഗേറ്റ് കടന്നുള്ള വഴി.
എന്നാൽ, രാവിലെയും വൈകീട്ടും മണിക്കൂറുകൾ നീളുന്ന ഗേറ്റ് അടച്ചിട്ടുള്ള കാത്തിരിപ്പിന് അവസാനമില്ല. രാവിലെ ഒമ്പതരയോടെ അടച്ചാൽ വന്ദേഭാരത് എക്സ്പ്രസിനും ശേഷം മൂന്ന് ട്രെയിനുകൾ വേറെയും കടന്നുപോയി 10 മണിയോടെ വേണം ആദ്യ ഇടവേളയിൽ ഗേറ്റ് തുറക്കാൻ.
ഓഫിസ്, സ്കൂൾ, കോളജ് എന്നിവിടങ്ങളിലേക്കുള്ളവരും ക്ഷേത്രത്തിലേക്കും മറ്റ് ആവശ്യങ്ങൾക്ക് വരുന്നവരുമടക്കം ഈ കുരുക്കിൽ വലയും. സമാന സ്ഥിതിയാണ് വടൂക്കരയിൽ. നഗരത്തിരക്ക് ഒഴിവാക്കി തെക്കൻമേഖലയിലേക്ക് കടക്കാൻ വാടാനപ്പള്ളി -കാഞ്ഞാണി മേഖലയിൽനിന്നും ഇരിങ്ങാലക്കുട മേഖലകളിലേക്ക് പോകേണ്ടവർക്ക് നഗര തിരക്കിൽ കയറാതെത്തന്നെ അരണാട്ടുകരയിൽനിന്ന് കൂർക്കഞ്ചേരിയിലേക്ക് എളുപ്പത്തിൽ വടൂക്കര ഗേറ്റ് കടന്ന് പോകാം.
എന്നാൽ, മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പാണ് ഇവിടെയും. പോട്ടോരും ഒല്ലൂരും പുതുക്കാടും മുള്ളൂർക്കരയും എങ്കക്കാടുമെല്ലാം ദിവസവും ഈ കാത്തിരിപ്പുകളുടെ അസ്വസ്ഥതകൾ അനുഭവിക്കുന്ന ഗേറ്റുകളാണ്. പുതുക്കാടും ഒല്ലൂരുമടക്കം മേൽപാലം നിർമാണത്തിന് കെ-റെയിലിന് സർക്കാർ അനുമതി നൽകിയിരുന്നെങ്കിലും ഇതുവരെയും നടപടികളിലേക്ക് കടന്നിട്ടില്ല.
ഒല്ലൂരിൽ മേൽപാല നിർമാണത്തിനുള്ള നടപടികളിലേക്ക് കടന്നെങ്കിലും പ്രാദേശികതല എതിർപ്പുകളിൽ തട്ടി നിലച്ചു. പക്ഷേ, പൂങ്കുന്നവും വടൂക്കരയും ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷനും നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും സംഘടനകളും നിവേദനങ്ങളും പരാതികളുമായി ഇടപെടുന്നുണ്ടെങ്കിലും ഉത്തരവാദപ്പെട്ടവർ മാത്രം കനിയുന്നില്ല.
ഗുരുവായൂർ മേൽപാലം യാത്രക്കാർക്കായി തുറന്നുകൊടുക്കുമ്പോൾ നേത്തേ അടച്ചുപൂട്ടിയ തിരുവെങ്കിടം ഗേറ്റിൽ അടിപ്പാത ആവശ്യത്തിനുള്ള സമരത്തിലാണ് നാട്ടുകാർ. സ്ഥലം ദേവസ്വം വിട്ടുകൊടുക്കാമെന്ന് അറിയിച്ചതോടെ ഉടക്കുവെച്ച് ചില സംഘടനകൾ രംഗത്തുവന്നതാണ് നിലവിലെ തടസ്സം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

