സി.പി.ഐയിൽ ചേർന്ന സി.പി.എം നേതാവ് നേരം വെളുത്തപ്പോൾ വീണ്ടും സി.പി.എമ്മിൽ
text_fieldsഅന്തിക്കാട്: പാർട്ടി വിട്ട് സി.പി.ഐയിൽ ചേർന്ന സി.പി.എം നേതാവ് നേരം വെളുത്തപ്പോൾ വീണ്ടും സി.പി.എമ്മിൽ. സി.പി.എം മുൻ അന്തിക്കാട് ലോക്കൽ കമ്മിറ്റി അംഗവും കർഷക തൊഴിലാളി ഏരിയ കമ്മറ്റി അംഗവും കരിക്കൊടി കയർ വ്യവസായ സഹകരണ സംഘം പ്രസിഡന്റുമായ ബാബു കല്ലിങ്ങല്ലാണ് പാർട്ടിയോട് സലാം പറഞ്ഞ ശേഷം ഒരു ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും തിരിച്ചെത്തിയത്. പാർട്ടിക്കുള്ളിലെ വൈമനസ്യം മൂലമാണ് ബാബു കഴിഞ്ഞ ദിവസം സി.പി.ഐയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
ബാബുവടക്കം വിവിധ പാർട്ടിയിലെ പത്തിലധികം പേരാണ് സി.പി.ഐയുമായി സഹകരിക്കാൻ തീരുമാനിച്ചത്. അന്തിക്കാട് ചടയമുറി സ്മാരക മന്ദിരത്തിൽ നടന്ന സ്വീകരണ യോഗത്തിൽ സി.പി.ഐ ജില്ല സെക്രടറി കെ.കെ. വത്സരാജ് രക്തഹാരവും മുൻ മന്ത്രി വി.എസ്. സുനിൽകുമാർ പാർട്ടി പതാകയും ബാബുവിന് കൈമാറിയിരുന്നു. ബാബു സി.പി.ഐയിൽ ചേർന്നത് സി.പി.എമ്മിന് കനത്ത പ്രഹരമായിരുന്നു. ബാബുവിനെ പങ്കെടുപ്പിച്ച് സി.പിഎമ്മിന്റെ നേതൃത്വത്തിൽ യോഗവും ചേർന്നു.