അപകടക്കെണിയൊരുക്കി മതിലകത്തെ വെള്ളക്കെട്ട്
text_fieldsമതിലകം ബസ് സ്റ്റോപ്പിന് തെക്ക് ഭാഗത്ത് ദേശീയ പാതയുടെ മധ്യഭാഗം വരെ രൂപപ്പെട്ട വെള്ളക്കെട്ട്
മതിലകം: മഴയിൽ മതിലകത്ത് കൊടുങ്ങല്ലൂർ ഭാഗത്തേക്കുള്ള ബസ്സ് സ്റ്റോപ്പിന്റെ തെക്ക് ഭാഗത്ത് റോഡിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് കാൽനടക്കാർക്ക് അപകടക്കെണിയാകുന്നു. പലപ്പോഴും ദേശീയ പാതയുടെ മധ്യഭാഗം വരെയാണ് ഇവിടെ വെള്ളക്കെട്ട് ഉണ്ടാകുന്നത്. സദാ വാഹനങ്ങൾ ചീറിപായുന്ന ഇവിടെ വെള്ളക്കെട്ട് ഒഴിവാക്കി പോകണമെങ്കിൽ റോഡിന്റെ മധ്യഭാഗത്ത് കൂടി നടക്കണം. അത്യന്തം അപകടകരമാണ് ഈ അവസ്ഥ.
റോഡരികിലൂടെ പോകുന്നവർക്ക് വാഹനങ്ങൾ തെറിപ്പിക്കുന്ന മലിനജലം വസ്ത്രത്തിൽ ഏറ്റുവാങ്ങേണ്ട ഗതികേടുമുണ്ട്. ഇതിനകം പലരും ഇതനുഭവിച്ചു കഴിഞ്ഞു. സ്കൂൾ തുറക്കാനായതോടെ രക്ഷിതാക്കൾ ഈ അവസ്ഥയിൽ ആശങ്കയിലാണ്. സമാന സ്ഥിതിയാണ് ദേശീയ പാതയിലെ മതിൽ മൂല ഭാഗത്തും വിദ്യാർഥികളടക്കം നടന്നു പോകുന്ന റോഡിന്റെ ഇരുഭാഗത്തും മഴ പെയ്താൽ മിക്കയിടങ്ങളിലും ചളിയും മലിനജലവും കെട്ടി നിൽക്കുകയാണ്. വാഹന തിരക്കേറിയ റോഡിലേക്ക് കയറി നടന്നാൽ അപകട സാധ്യതയുമുണ്ട്.
നിരവധി വിദ്യാർഥികൾ പഠിക്കാനെത്തുന്ന സ്കൂളുകളുടെ പരിസരങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. സെൻറ് ജോസഫ്സ് സ്കൂളിലേക്ക് കുട്ടികളെ വാഹനങ്ങളിൽ കൊണ്ട് വന്നിറക്കുന്ന റോഡിലും മലിനജലം കെട്ടി നിൽക്കുകയാണ്. മഴക്കാലപൂർവ ശുചീകരണ ഭാഗമായ ദേശീയപാതയിലെ കാന ശുചീകരണം ഇനിയും അവശേഷിക്കുകയാണ്. എന്നാൽ കാന ശുചീകരണം എത്രയും വേഗം നടപ്പാക്കുമെന്നാണ് പ്രസിഡൻറ് സീനത്ത് ബഷീർ പറയുന്നത്. മഴ പെയ്താൽ രുപപ്പെടുന്ന ഈ ദുരിതാവസ്ഥക്ക് ഇത്തവണയെങ്കിലും പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

