ദേശീയപാതയിൽ ദിവസം ചോരുന്നത് 11 കോടി
text_fieldsതൃശൂർ: ദേശീയപാതയിൽ കൃത്യമായ പരിശോധനകൾ നടക്കാത്തതിനാൽ നിയമലംഘനങ്ങളിലൂടെ ദിവസം 11 കോടിയുടെ നികുതി നഷ്ടമെന്ന് കണ്ടെത്തൽ. ഇതുസംബന്ധിച്ച പഠന റിപ്പോർട്ട് സഹിതം ഹൈകോടതിയിൽ ഹരജി നൽകി. വിവരാവകാശ സംഘടനയായ നേർക്കാഴ്ച അസോസിയേഷനാണ് രണ്ട് ദിവസങ്ങളിലായി നടത്തിയ സർവേ റിപ്പോർട്ട് സഹിതം ഹരജി നൽകിയത്.
സംസ്ഥാന ഗതാഗത കമീഷണർ, പൊലീസ് മേധാവി, തൃശൂർ കലക്ടർ എന്നിവരോട് കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു. തമിഴ്നാട്ടിൽനിന്ന് കൊഴിഞ്ഞാമ്പാറ, വാളയാർ, മീനാക്ഷിപുരം, ചെക്ക് പോസ്റ്റ് വഴി ടോറസ് വാഹനങ്ങൾ അനുവദിക്കപ്പെട്ട ഭാരശേഷിയെക്കാൾ ഇരട്ടിയിലധികം പാറ (കല്ല്) ഉൽപന്നങ്ങൾ നിറച്ച് സഞ്ചരിക്കുന്നതായി ഹരജിയിൽ പറയുന്നു.
വാഹനങ്ങൾ ബ്രേക്ക്ക്ഷമത കുറഞ്ഞ് നിയന്ത്രണംവിട്ട് ദേശീയപാതയിൽ അപകടമുണ്ടാക്കുെന്നന്നും ഹരജിയിൽ ആരോപിക്കുന്നു. ഇതിനെ സാധൂകരിക്കുന്ന തെളിവുകളുമായാണ് അസോസിയേഷൻ ചെയർമാൻ പി.ബി. സതീഷ് പൊതുതാൽപര്യഹരജി നൽകിയതും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിച്ചതും.
തൃശൂർ-പാലക്കാട് ദേശീയപാതയിൽ ഈ മാസം 19നും 22നുമായിട്ടാണ് നേർക്കാഴ്ച 12 മണിക്കൂർ നേരം വീതം സർവേ നടത്തിയത്. പരസ്യമായി നിയമം ലംഘിച്ചും നികുതിവെട്ടിച്ചും രണ്ടുദിവസങ്ങളായി 375ഉം, 467ഉം എണ്ണം വീതം ടോറസ് വാഹനങ്ങളാണ് സഞ്ചരിച്ചത്.
പാറ ഉൽപന്നങ്ങൾ വാഹനത്തിൽ കൊണ്ടുപോകുന്നത് മൂടാതെയും നിയമപരമായി വാഹനത്തിൽ രേഖപ്പെടുത്തേണ്ട നമ്പറുകൾ രേഖപ്പെടുത്താതെയുമാണെന്നും സർവേയിൽ കണ്ടെത്തി. ഇരട്ടിയിലധികം ഭാരം കയറ്റുന്നതിന് വേണ്ടി വാഹനത്തിന്റെ രൂപഘടന മാറ്റിയതായും കണ്ടെത്തി.
10 ചക്രമുള്ള ടോറസ് വാഹനത്തിന്റെ യഥാർഥ ഭാരശേഷി 25 ടൺ ആണെന്നിരിക്കെ 43 ടണ്ണോളം കയറ്റിയാണ് യാത്ര. 12 ചക്രമുള്ള ടോറസ് വാഹനത്തിന് കയറ്റാവുന്ന ഭാരം 35 ടൺ ആണെന്നിരിക്കെ 55 ടണ്ണിലധികവും 16 ചക്ര വാഹനത്തിന് 48 ടണ്ണിന് പകരം 68 ടണ്ണിലധികവും ഭാരം കയറ്റിയാണ് രാപകൽ ഭേദമില്ലാതെ സഞ്ചാരം.
വാഹനങ്ങളിലെ അമിതഭാരത്തിന് പൊലീസ്-മോട്ടോർ വാഹന വകുപ്പുകൾ പിടികൂടിയാൽ ആദ്യത്തെ ഒരു ടണിന് 20,000 രൂപയും പിന്നെ അധികമുള്ള ഓരോ ടണിനും 2000 രൂപ വീതം പിഴയും നൽകണം. അങ്ങനെ 54,000 മുതൽ 58,000 വരെയാണ് ഒരു വാഹനത്തിന് യഥാർഥത്തിൽ ഈടാക്കുകയാണെങ്കിൽ വരേണ്ട പിഴത്തുക.
കൂടാതെ പാറ ഉൽപന്നങ്ങൾക്ക് ജിയോളജി പാസ് ഇല്ലാതെയാണ് സഞ്ചരിക്കുന്നതെങ്കിൽ ടോറസ് വാഹനത്തിന് 75,000 രൂപയാണ് പിഴയീടാക്കേണ്ടത്. ഇതോടൊപ്പം ജി.എസ്.ടി വെട്ടിപ്പിന് 2000 രൂപയും പിഴയീടാക്കണം.
എന്നാൽ, ദിവസേന കടന്നുപോയ വാഹനങ്ങളുടെ എണ്ണവും വാഹന പരിശോധനയിൽ പിഴയീടാക്കിയത് സംബന്ധിച്ചുമുള്ള വിവരാവകാശ ചോദ്യത്തിന് രണ്ട് വാഹനങ്ങൾക്കാണ് പിഴ ചുമത്തിയതെന്നും 250 രൂപ പിഴയീടാക്കിയെന്നുമാണ് മറുപടി ലഭിച്ചത്. സർവേ അനുസരിച്ചാണെങ്കിൽ ടോറസ് വാഹനങ്ങളുടെ കണക്ക് പ്രകാരംതന്നെ സർക്കാറിന് ലഭിക്കേണ്ട തുക 11 കോടിയോളം നഷ്ടപ്പെടുകയാണ്. പ്രതിവർഷം ഇത് ആയിരക്കണക്കിന് കോടികളാകും.