കനോലി കനാലിൽ മാലിന്യം തള്ളി; സ്ഥാപനത്തിന് 25000 രൂപ പിഴ
text_fieldsപുവ്വത്തുംകടവ് പാലത്തിന് താഴെ തള്ളിയ മാലിന്യം
മതിലകം: പൂവ്വത്തുംകടവ് പാലത്തിന് താഴെ കനോലി കനാലിൽ മാലിന്യം തള്ളിയ സ്ഥാപനത്തിന് 25000 രൂപ പിഴ. മറ്റു നടപടികൾക്ക് പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
കരൂപ്പടന്നയിലുള്ള ഹെയർ ഫിക്സിങ് സ്ഥാപനത്തിനാണ് പിഴ ചുമത്തിയത്. വലിയ തോതിൽ മുടി വെയിസ്റ്റ് ഇവിടെ ഉണ്ടായിരുന്നു. മാലിന്യത്തിൽ നിന്ന് ലഭിച്ച ബില്ലുകളും മറ്റും പരിശോധിച്ചാണ് സ്ഥാപനം തിരിച്ചറിഞ്ഞത്. കൂടുതൽ പരിശോധന നടത്തി വരുകയാണെന്നും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സെക്രട്ടറി രാമദാസ് അറിയിച്ചു.
വലിച്ചെറിയൽ മുക്ത കേരളം പദ്ധതി പ്രകാരം ഈ ഭാഗത്ത് നിന്ന് നേരത്തേ വൻ തോതിൽ മാലിന്യം നീക്കം ചെയ്യുകയും പരിസരം ശുചീകരിക്കുകയും ചെയ്തിരുന്നു. 8600 കിലോ മാലിന്യമാണ് ഇവിടെ നിന്നു ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറിയത്. പൂവത്തുംകടവ് പാലത്തിന് ഇരുവശത്തും ഗ്രില്ലുകൾ സ്ഥാപിക്കാൻ പൊതുമരാമത്ത് അധികൃതരോട് ആവശ്യപ്പെട്ടതായും പാലത്തിൽ ലൈറ്റുകളും കാമറയും വെക്കാൻ നടപടികൾ പഞ്ചായത്ത് സ്വീകരിച്ചുവരുന്നതായും പ്രസിഡന്റ് സീനത്ത് ബഷീർ അറിയിച്ചു.

