വടക്കാഞ്ചേരി: മച്ചാട് മാമാങ്കത്തിനു കുതിരകളെ ഒരുക്കി ദേശങ്ങൾ. കുതിര തണ്ടിൽ പച്ചമുള കീറി അലക് ഉണ്ടാക്കി കുതിരയുടെ മാതൃക നിർമിച്ച ശേഷം അതിൽ വൈക്കോൽ കൊണ്ട് പൊതിഞ്ഞാണ് കുതിരകളെ ഉണ്ടാക്കുന്നത്. പറ പുറപ്പെട്ടതിന് ശേഷമാണ് ദേശങ്ങളിൽ കുതിര നിർമാണം ആരംഭിക്കുക.
മാമാങ്കത്തിലെ പങ്കാളി ദേശങ്ങളായ കരുമത്ര, മണലിത്ര, വിരുപ്പാക്ക, മംഗലം, പാർളിക്കാട് എന്നിവയ്ക്ക് പുറമേ ക്ഷേത്രം കുതിര എന്നിവയുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ദേശത്തെ തച്ചൻമാരുടെ നേതൃത്വത്തിൽ തട്ടകക്കാർ ചേർന്നാണ് കുതിരകളെ ഒരുക്കുന്നത്. ഇന്ന് കുതിര തുണി പൊതിയുന്ന കാര്യങ്ങൾ പൂർത്തിയാകും. മാമാങ്ക ദിവസമായ നാളെയാണ് കുതിരത്തല വെച്ച് ആടയാഭരണങ്ങൾ അണിയിക്കുക.
ഓരോ ദേശത്തിനും വ്യത്യസ്ത വലുപ്പത്തിൽ ഉള്ള കുതിരകൾ ആണ് ഉള്ളത്. കരുമത്ര ദേശത്ത് രണ്ടു കുതിരകളുടെയും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണെന്ന് ദേശകമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ദേശത്തെ ആചാരി രാധാകൃഷ്ണെൻറ നേതൃത്വത്തിൽ ആണ് കുതിരകളെ ഒരുക്കുന്നത്. നാളെ ഉച്ചക്ക് തച്ചെൻറ പൂജക്ക് ശേഷമാണ് കുതിര എഴുന്നള്ളിപ്പ്.