ലൈനിലേക്ക് മരം വീണിട്ട് ഒരാഴ്ച; അനക്കമില്ലാതെ വൈദ്യുതി വകുപ്പ്
text_fieldsതെക്കുംകര പഞ്ചായത്തിലെ മലാക്ക ദുബായ് റോഡിൽ വൈദ്യുതി ലൈനിലേക്ക്
റബർ മരം വീണ നിലയിൽ
വടക്കാഞ്ചേരി: വൈദ്യുതി കമ്പികളിലേക്ക് റബർ മരം കടപുഴകി വീണിട്ടും വൈദ്യുതി വകുപ്പ് ഉദാസീനത പുലർത്തുന്നതായി പരാതി. തെക്കുംകര പഞ്ചായത്തിലെ മലാക്ക ദുബായ് റോഡിലാണ് സ്വകാര്യ വ്യക്തിയുടെ റബർ മരം വൈദ്യുതി തൂണിലേക്ക് വീണത്. ഒരാഴ്ച പിന്നിട്ടിട്ടും വൈദ്യുതി വകുപ്പ് ഒഴിഞ്ഞു മാറുകയാണെന്ന് നാട്ടുകാർ പറയുന്നു.
ലൈനിലൂടെ വൈദ്യുതി പ്രവഹിക്കുന്ന സാഹചര്യത്തിലും ഉത്തരവാദിത്വം സ്വകാര്യ വ്യക്തിയിൽ ചാർത്തി അപകട സാഹചര്യം അവഗണിക്കുകയാണ് വൈദ്യുതി വകുപ്പെന്നാണ് പരാതി. സ്കൂൾ കുട്ടികളടക്കമുള്ള കാൽനടക്കാരും വാഹനങ്ങളും പോകുന്ന റോഡിലാണ് അപകടം പതുങ്ങിയിരിക്കുന്നത്. മരം നീക്കം ചെയ്യാൻ മുതിരാത്ത വൈദ്യുതി വകുപ്പിനെതിരെ പ്രതിഷേധത്തിലാണ് പരിസര വാസികൾ. മഴയും കാറ്റും വരുമ്പോൾ ആശങ്കയോടെയാണ് ഇവർ കഴിയുന്നത്.

