ടി.എൻ. പ്രതാപന്റെ മനസ്സിൽ വി.ടി. ബൽറാം ?
text_fieldsടി.എൻ. പ്രതാപൻ വി.ടി. ബൽറാം
തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിന് ഒന്നര വർഷം മാത്രം ശേഷിക്കേ സ്ഥാനാർഥിത്വം സംബന്ധിച്ച വിവാദങ്ങളിൽ ആശങ്കയും ആകാംക്ഷയുമായി തൃശൂർ. നിലവിലെ എം.പിയായ ടി.എന്‍. പ്രതാപന് ഇനി ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് പറഞ്ഞതോടെയാണ് ചർച്ച മുറുകിയത്.
2019ലെ തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരത്തിലൂടെയായിരുന്നു തൃശൂരിലെ വിജയം. പ്രതാപൻ ഒഴിയുന്നുവെങ്കിൽ മറ്റാരെയാവും രംഗത്തിറക്കുകയെന്നതാണ് കോൺഗ്രസിലും ബി.ജെ.പിയിലും ഇടതുമുന്നണിയിലും ചോദ്യം.
ഇടതുമുന്നണിയിൽ കഴിഞ്ഞ തവണ മൽസരിച്ച രാജാജി മാത്യു തോമസ് ഇത്തവണ മത്സരിക്കാനിടയില്ല. മൂന്ന് ടേം പൂർത്തിയാക്കിയതിനെ തുടർന്ന് നിയമസഭ രംഗത്തുനിന്നും മുൻമന്ത്രി സുനിൽകുമാറിനെ മാറ്റി നിർത്തിയത് ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന പ്രചാരണം അന്നേ ശക്തമായിരുന്നു.
എന്നാൽ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അനഭിമതനാണെന്നത് സുനിൽകുമാറിന്റെ സ്ഥാനാർഥിത്വം സംശയത്തിലാക്കുന്നതാണ്. ഒല്ലൂരിലും തൃശൂരിലും ജനകീയ മുഖമായി മാറിയ കെ. രാജൻ മന്ത്രി സ്ഥാനത്ത് സജീവമാണെന്നതിനാൽ രാജിവെച്ച് മത്സരിപ്പിക്കാൻ തുനിഞ്ഞേക്കില്ല.
എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രനാണ് പിന്നെ പട്ടികയിൽ ഇടമുള്ള നേതാവ്. പൊതുസമ്മതനായ ആളുകളെയും ശ്രമിക്കുന്നുണ്ട്. ബി.ജെ.പിക്ക് തൃശൂർ വിജയിക്കുന്ന സീറ്റിലുള്ളതാണെന്നതിനാൽ സുരേഷ്ഗോപിക്ക് തന്നെയാണ് ഇവിടെ മുൻഗണന.
മറ്റാരുടെയും പേരുകൾ നിലവിൽ പരിഗണിച്ചിട്ടില്ല. പ്രതാപൻ മാറുന്നുവെങ്കിൽ അത് കൂടുതൽ ആശങ്കയിലാക്കുന്നത് കോൺഗ്രസിനെ തന്നെയാണ്. പകരമാരെന്നതാണ് ആശയക്കുഴപ്പം. തന്റെ മനസ്സിൽ പേരുണ്ടെന്നും നേതൃത്വം ചോദിക്കുമെങ്കിൽ അറിയിക്കുമെന്നുമാണ് പ്രതാപൻ പറയുന്നത്. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാമിന്റെ പേരാണ് പ്രതാപന്റെ മനസിലുള്ളതെന്നാണ് യു.ഡി.എഫ് വൃത്തങ്ങളില്‍നിന്നു കേൾക്കുന്നത്.
തൃത്താല നിയോജക മണ്ഡലത്തില്‍നിന്ന് രണ്ട് തവണ എം.എല്‍.എയായ ബല്‍റാം കഴിഞ്ഞ തവണ പരാജയപ്പെട്ടതിന് ശേഷം സംഘടന രംഗത്താണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. വിദ്യാർഥി സംഘടന പ്രവര്‍ത്തന കാലം മുതല്ക്കേ തൃശൂര്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമായ നേതാവാണ് വി.ടി. ബല്‍റാം.
ഈയടുത്ത കാലത്തായി ജില്ലയിലെ കോണ്‍ഗ്രസ് പരിപാടികളില്‍ പങ്കെടുക്കാന്‍ ബല്‍റാം ശ്രദ്ധിക്കുന്നുണ്ട്. ബി.ജെ.പി സ്ഥാനാർഥിയായി സുരേഷ് ഗോപി എത്തുകയാണെങ്കില്‍ യുവ സ്ഥാനാർഥികളെ തന്നെ കോണ്‍ഗ്രസ് മത്സരിപ്പിക്കണമെന്ന ആവശ്യമാണ് പാര്‍ട്ടിക്കുള്ളില്‍നിന്ന് ഉയരുന്നത്. അതേസമയം, ജില്ലയിൽ നിന്നുള്ളവരെ പരിഗണിക്കാതെ പുറത്തുനിന്നുള്ളവർക്ക് സീറ്റ് നൽകിയാൽ മുമ്പുയർന്ന പ്രതിഷേധങ്ങളുടെ അടിസ്ഥാനത്തിൽ എന്തായിരിക്കുമെന്ന ആശങ്കയും കോൺഗ്രസ് നേതൃത്വത്തിനുണ്ട്.