വി.പി. ശരത് പ്രസാദ് ഡി.വൈ.എഫ്.ഐ തൃശൂർ ജില്ല സെക്രട്ടറി
text_fieldsവി.പി. ശരത്
പ്രസാദ്
തൃശൂർ: ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റി അംഗം വി.പി. ശരത് പ്രസാദിനെ തെരഞ്ഞെടുത്തു. ജില്ല കമ്മിറ്റി യോഗത്തിലാണ് നിലവിൽ താൽക്കാലിക ചുമതലയുണ്ടായിരുന്ന ശരത് പ്രസാദിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സെക്രട്ടറിയായിരുന്ന എൻ.വി. വൈശാഖനെ വനിത നേതാവിന്റെ പരാതിയെ തുടർന്ന് ഇക്കഴിഞ്ഞ ആഗസ്റ്റിൽ പദവിയിൽനിന്ന് നീക്കിയെങ്കിലും പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തിരുന്നില്ല.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ ശരത് പ്രസാദിന് താൽക്കാലിക ചുമതല നൽകുകയായിരുന്നു. എൻ.വി. വൈശാഖൻ ചികിത്സക്കായി അവധിയിലാണെന്നായിരുന്നു ഇതുവരെയുള്ള ഡി.വൈ.എഫ്.ഐയുടെ വിശദീകരണം.
ആഗസ്റ്റ് 15ന് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെക്കുലർ സ്ട്രീറ്റ് കാമ്പയിനോടനുബന്ധിച്ച ജില്ല കാൽനടജാഥയുടെ തലേ ദിവസമാണ് ജാഥയുടെ ക്യാപ്റ്റൻ കൂടിയായിരുന്ന വൈശാഖനെ നീക്കിയത്. ഇതോടെ ക്യാപ്റ്റൻ ചുമതല ശരത് പ്രസാദിനായിരുന്നു.
വനിത നേതാവിന്റെ പരാതിയെ തുടർന്ന് കൊടകര ഏരിയ കമ്മിറ്റി അംഗമായിരുന്ന വൈശാഖനെ ബ്രാഞ്ച് ഘടകത്തിലേക്ക് തരംതാഴ്ത്തി നടപടിയെടുത്തിരുന്നു. വലിയ ബഹളങ്ങളും കോളിളക്കങ്ങളുമൊഴിഞ്ഞാൽ തിരിച്ചുവരാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിൽ കഴിഞ്ഞ ദിവസം ക്വാറി മാഫിയക്കെതിരായ വിജിലൻസ് കോടതിയിലെ പരാതി പിൻവലിക്കാൻ പരാതിക്കാരന് പണം വാഗ്ദാനം ചെയ്ത വിഡിയോ കൂടി പുറത്തുവന്നതോടെ ഇതിന് തിരിച്ചടിയായിരുന്നു.
ഇതോടെ വൈശാഖനെതിരെ പാർട്ടി തലത്തിൽ കടുത്ത നടപടി വേണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. ഈ ആഴ്ചചേരുന്ന ജില്ല കമ്മിറ്റിയിൽ ഇക്കാര്യം ചർച്ച ചെയ്തേക്കുമെന്നാണ് സൂചന.
സെക്രട്ടറിയില്ലാതെയുള്ള ഡി.വൈ.എഫ്.ഐയുടെ പ്രവർത്തനം ദീർഘനാൾ നീട്ടാനാവില്ലെന്ന് സി.പി.എം തന്നെ നിർദേശിച്ചിരുന്നു. നേരത്തേ കൺവെൻഷൻ ചേർന്ന് സെക്രട്ടറിയെ പ്രഖ്യാപിക്കാനായിരുന്നു തീരുമാനമെങ്കിലും കരുവന്നൂരടക്കമുള്ള വിഷയങ്ങളിൽ ജാഥകളും പരിപാടികളും തുടരുന്നതിനാൽ വൈകുകയായിരുന്നു. ഞായറാഴ്ച കേന്ദ്ര കമ്മിറ്റി അംഗം ഗ്രീഷ്മ അജയഘോഷ് പങ്കെടുത്ത ജില്ല കമ്മിറ്റി യോഗത്തിലാണ് ശരത് പ്രസാദിനെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
സി.പി.എം ജില്ല കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും സംസ്ഥാന യുവജനക്ഷേമബോർഡ് ജില്ല യൂത്ത് കോഓഡിനേറ്ററുമാണ് ശരത് പ്രസാദ്. എസ്.എഫ്.ഐ മുൻ ജില്ല സെക്രട്ടറിയും കലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ മുൻ ചെയർമാനുമായിരുന്നു. എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

