പത്താം നാൾ വോട്ടാഘോഷം; ഓട്ടത്തിൽ നേതാക്കളും സ്ഥാനാർഥികളും
text_fieldsഅയ്യന്തോൾ ഡിവിഷനിലെ സ്ഥാനാർഥികൾ ഒരു മതിൽ പങ്കിട്ട് പ്രചാരണത്തിന് ഒരുക്കിയിരിക്കുന്നു
തൃശൂർ: ഇനി പത്താം നാൾ തൃശൂരിന് വോട്ടാഘോഷമാണ്. ഡിസംബർ 11ന് നടക്കുന്ന രണ്ടാം ഘട്ടത്തിലാണ് ജില്ലയിൽ വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് കമീഷനും അധികൃതരും ഒരുക്കങ്ങളും പരിശീലനങ്ങളുമായി മുന്നോട്ടുപോകുമ്പോൾ അവസാന ആഴ്ചയിലെ കരുത്തുറ്റ പ്രചാരണത്തിനാണ് രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും. എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും എൻ.ഡി.എയുടെയും നേതാക്കൾ ഒരുവട്ടം ജില്ലയിൽ പ്രചാരണം നടത്തി മടങ്ങി. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ പ്രചാരണത്തിനെത്തും.
തദ്ദേശ തെരഞ്ഞെടുപ്പാണെങ്കിലും പ്രധാന പ്രചാരണ വിഷയങ്ങൾ ശബരിമല സ്വർണക്കവർച്ചയും രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ത്രീ പീഡന വിവാദവും തന്നെയാണ്. തൃശൂർ കോർപറേഷനിൽ പുലിക്കളി സഹായം പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി പറ്റിച്ചെന്ന് സി.പി.എമ്മും കോൺഗ്രസും വിഷയമാക്കുന്നുണ്ട്. ക്ഷേമപെൻഷനുകൾ വീടുകളിൽ എത്തിച്ചതോടെ ഇത് തെരഞ്ഞെടുപ്പിലെ തുറുപ്പുചീട്ടായും മാറുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെയും സംസ്ഥാനത്തെയും വികസനത്തിനൊപ്പം ക്ഷേമ പെൻഷനും കൂടിയാണ് ഇടതുമുന്നണി ചർച്ചയാക്കുന്നത്. സർക്കാറിന്റെ വീഴ്ചയും ശബരിമലയിലെ സ്വർണം അടക്കം കടത്തിക്കൊണ്ടുപോയതുമടക്കമുള്ള വിഷയങ്ങളിലൂടെയാണ് യു.ഡി.എഫിന്റെ മറുപടി.
ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിൽ ഭരണം ലഭിച്ചാൽ കേന്ദ്രമന്ത്രിയായ തൃശൂർ എം.പി സുരേഷ് ഗോപിയിലൂടെ വൻ വികസനം നടപ്പാക്കാമെന്ന വാഗ്ദാനമാണ് ബി.ജെ.പിയുടേത്. ശബരിമലയോ സ്ത്രീ വിഷയമോ അല്ല ചർച്ചയെന്നും വികസനമാണ് ചർച്ച ചെയ്യേണ്ടെതന്നും സുരേഷ് ഗോപി തന്നെ പറയുകയും ചെയ്തു. അതേസമയം, എം.പിയായി ഒന്നര വർഷമായിട്ടും സുരേഷ് ഗോപി തൃശൂരിനായി ഒന്നും ചെയ്തില്ലെന്നും വോട്ടർമാരെ അപമാനിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും സി.പി.എമ്മും കോൺഗ്രസും ആരോപിക്കുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എന്നിവെരല്ലാം പ്രചാരണത്തിനെത്തിയിരുന്നു. വരും ദിവസങ്ങളിലും മൂന്ന് മുന്നണികളുടെയും പ്രമുഖ നേതാക്കൾ പ്രചാരണത്തിനെത്തും. വോട്ടെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ തൃശൂർ ഇല്ലാത്തതിനാൽ അവസാന ദിവസങ്ങളിലായിരിക്കും കൂടുതൽ നേതാക്കളെത്തുകയെന്നാണ് മൂന്ന് മുന്നണികളിെലയും നേതാക്കൾ പറയുന്നത്. കോൺഗ്രസിന് വേണ്ടി അടൂർ പ്രകാശ്, രമേശ് ചെന്നിത്തല എന്നിവെരല്ലാം അടുത്ത ദിവസങ്ങളിൽ എത്തുന്നുണ്ട്. ഇടതുമുന്നണി മന്ത്രിമാരുടെ നേതൃത്വത്തിലാണ് അവസാന ദിവസങ്ങളിൽ പ്രചാരണം കൊഴുപ്പിക്കുക. ബി.ജെ.പി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ചൊവ്വാഴ്ച ജില്ലയിലെത്തുന്നുണ്ട്.
പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനിലും പരമാവധി വീടുകൾ കയറി വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർഥികൾ. പലരും രണ്ടും മൂന്നും വട്ടം വീടുകൾ കയറിക്കഴിഞ്ഞു. കുടുംബയോഗങ്ങളും സദസ്സുകളും നടക്കുന്നുണ്ട്. അതേസമയം, ജില്ല പഞ്ചായത്ത് സ്ഥാനാർഥികൾക്ക് വോട്ടർമാരെ പൂർണമായും നേരിൽ കാണാനാകുന്നില്ല. വാർഡുകളിലെ സ്ഥാനാർഥികളും പ്രവർത്തകരും വഴി ഈ പ്രശ്നം പരിഹരിക്കാനാണ് ശ്രമം. ജില്ലയിലെ 111 തദ്ദേശ സ്ഥാപനങ്ങളിലായി ആകെ 7284 പേരാണ് ജനവിധി തേടുന്നത്. 86 പഞ്ചായത്തുകളിലെ 1601 വാർഡുകളിലായി 5311 പേർ മത്സരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

