കോർപറേഷൻ കെട്ടിടത്തിലെ മേൽക്കൂര വീണ സംഭവം അന്വേഷണം വിജിലൻസിന്
text_fieldsതൃശൂർ: കോർപറേഷൻ ഓഫിസിനോട് ചേർന്ന പഴയ മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിനുമുകളിൽ സ്ഥാപിച്ചിരുന്ന ഇരുമ്പു റൂഫ് ഷീറ്റ് മേൽക്കൂര കാറ്റിൽ തകർന്നുവീണ സംഭവത്തിൽ അന്വേഷണം നടത്താൻ വിജിലൻസിനോട് ആവശ്യപ്പെടാൻ കൗൺസിലിൽ തീരുമാനം. കോർപറേഷൻ സെക്രട്ടറി തയാറാക്കിയ അന്വേഷണ റിപ്പോർട്ട് വിജിലൻസിന് കൈമാറുമെന്ന് മേയർ എം.കെ. വർഗീസ് അറിയിച്ചു. കഴിഞ്ഞ മേയ് 23ന് വൈകുന്നേരമാണ് ശക്തമായ കാറ്റിൽ മുനിസിപ്പൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ കൂറ്റൻ മേൽക്കൂര എം.ഒ റോഡിലേക്ക് തകർന്നുവീണത്. ഭാഗ്യത്തിന് ആർക്കും അപകടം സംഭവിച്ചില്ല.
162.36 സ്ക്വയർ മീറ്റർ മേൽക്കൂരയാണ് തകർന്നുവീണത്. കോർപറേഷൻ അസി. എൻജിനീയർ നിഷാന്തിന് സംഭവിച്ച അനാസ്ഥയാണ് അപകടത്തിന് കാരണമെന്നായിരുന്നു സൂപ്രണ്ടിങ് എൻജിനീയർ കോർപറേഷൻ സെക്രട്ടറിക്ക് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഇത് മുഖ്യ അജണ്ടയായ വെള്ളിയാഴ്ചത്തെ കൗൺസിലിലാണ് റിപ്പോർട്ട് വിജിലൻസിന് കൈമാറി തുടരന്വേഷണം ആവശ്യപ്പെടാൻ തീരുമാനമായത്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്ന് പ്രതിപക്ഷം ആവ്യപ്പെട്ടു.
മേയർക്കെതിരെ ഭരണപക്ഷം; മേയറെ സംരക്ഷിക്കുമെന്ന് പ്രതിപക്ഷം
ഭരണപക്ഷമേതോ പ്രതിപക്ഷമേതോ എന്ന് തിരിച്ചറിയാത്ത അവസ്ഥയിലായിരുന്നു കഴിഞ്ഞ ദിവസത്തെ തൃശൂർ കോർപറേഷൻ കൗൺസിൽ യോഗം. മേയറും ഭരണപക്ഷവുമായി ഉടക്കി നിൽക്കുന്ന ഡെപ്യൂട്ടി മേയർ എം.എൽ. റോസിയെ എന്തു വിലകൊടുത്തും സംരക്ഷിക്കുമെന്ന് കൗൺസിൽ തുടങ്ങിയ ഉടൻ പ്രതിപക്ഷനേതാവ് രാജൻ പല്ലൻ പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ അംഗൻവാടിയുമായി ബന്ധപ്പെട്ട ചർച്ചയിൽ ഭരണപക്ഷ കൗൺസിലർമാർ മേയർക്കെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി. ഡിവിഷനുകളിൽ അംഗൻവാടികൾ അനുവദിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ മേയർ പച്ച നുണ പറയുകയാണെന്ന് ഭരണപക്ഷ കൗൺസിലർ ഷീബ ബാബു ആഞ്ഞടിച്ചു. സി.പി.എം കൗൺസിലർമാരായ അഡ്വ. അനീഷ്, രാഹുൽനാഥ് എന്നിവരും മേയർക്കെതിരെ രംഗത്തുവന്നു.
പ്രതിപക്ഷ കൗൺസിലർമാർ മേയറോടുള്ള സ്വാധീനം മുതലെടുത്ത് കാര്യങ്ങൾ കാണുന്നുവെന്നും കോർപറേഷനിലെ പല വിവരങ്ങളും ഭരണകക്ഷി അറിയാറില്ലെന്നും അനീഷ് ആരോപിച്ചു. മിനിറ്റ്സ് ലഭിക്കുന്നില്ലായെന്നും ചില പ്രധാന സർക്കാർ ഉത്തരവുകൾ ഒരു വർഷം കഴിഞ്ഞാണ് കൗൺസിലിൽ വരുന്നതെന്നും അതിനാൽ വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിക്കുന്നില്ലെന്നും ഇവർ പറഞ്ഞു. തുടർന്ന് ഭരണപക്ഷം ആക്രമിക്കുന്ന മേയർക്ക് തങ്ങൾ സംരക്ഷണമൊരുക്കുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു. താൻ മികച്ച മേയറായതുകൊണ്ടാണ് മേൽക്കൂര വീണ് അപകടം സംഭവിക്കാതിരുന്നതെന്ന എം.കെ. വർഗീസിന്റെ കമന്റ് സദസ്സിൽ ചിരിപടർത്തി. മാർക്കറ്റിൽ മീൻ ലേലം വിളിക്കും കണക്കെ അജണ്ടകൾ വിളിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ സമയം പരിഗണിക്കാതെ കോർപറേഷൻ വൈദ്യുതി നവീകരണ ഉദ്ഘാടനം സംഘടിപ്പിച്ചതിൽ ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധിച്ചു. സുരേഷ് ഗോപി അഭിനയം നിർത്തി ജനങ്ങളുടെ കാര്യങ്ങൾ പരിഗണിക്കണമെന്നും വിളിച്ചാൽ ഫോണെടുക്കണമെന്നും കോൺഗ്രസ് കൗൺസിലർമാർ തിരിച്ചടിച്ചു. തൃശൂരിൽ ബി.ജെ.പിക്ക് ടിക്കറ്റ് കൊടുക്കുന്ന ആളായി പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ മാറിയെന്നും തന്നെ ബി.ജെ.പിയിലെത്തിക്കാനാണ് ഇപ്പോൾ അദ്ദേഹം നടക്കുന്നതെന്നും മേയർ ആരോപിച്ചു.
ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണം -രാജൻ പല്ലൻ
ഇരുമ്പു റൂഫ് ഷീറ്റ് മേൽക്കൂര എം.ഒ റോഡിലേക്ക് വീണ് നിലംപൊത്തിയ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് സർക്കാറിലേക്ക് റിപ്പോർട്ട് നൽകണമെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു. ബഹുനില കെട്ടിടത്തിന്റെ മുകളിൽ റൂഫ് ഷീറ്റ് സ്ഥാപിക്കുമ്പോൾ പാലിക്കേണ്ട നിയമപരമായ കാര്യങ്ങൾ ടെക്നിക്കൽ അനുമതി കൊടുത്ത അന്നത്തെ സൂപ്രണ്ടിങ് എൻജിനീയർ ഷൈബി ജോർജ് പാലിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
മേയർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാതിരിക്കുവാനുള്ള തന്ത്രമാണ്. പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ, ജോൺ ഡാനിയേൽ, ഉപനേതാവ് ഇ.വി. സുനിൽരാജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ജയപ്രകാശ് പൂവ്വത്തിങ്കൽ, മുകേഷ് കുള പറമ്പിൽ, കൗൺസിലർമാരായ ലാലി ജെയിംസ്, കെ. രാമനാഥൻ, രെന്യ ബൈജു, എബി വർഗീസ്, എൻ.എ. ഗോപകുമാർ, ലീല വർഗീസ്, സിന്ധു ആന്റോ എന്നിവർ ചർച്ചകളിൽ പങ്കെടുത്ത സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

