വെട്ടുകടവ് പാലം: ചാലക്കുടി മാർക്കറ്റിന്‍റെ പേടിസ്വപ്നം
text_fieldsവെട്ടുകടവ് പാലത്തിൽ പുഴയിലെ വെള്ളം മുട്ടിയൊഴുകുന്നു
ചാലക്കുടി: മഴക്കാലത്ത് ചാലക്കുടി മാർക്കറ്റിന്‍റെ പേടിസ്വപ്നമാണ് വെട്ടുകടവ് പാലം. ഡാമുകൾ തുറന്ന് പുഴ നിറയുമ്പോൾ പാലത്തിന്‍റെ അടിവശം മുട്ടിയാണ് വെള്ളമൊഴുകുക. നിരവധി മരങ്ങളും മുളങ്കൂട്ടങ്ങളും മലവെള്ളത്തിൽ ഒഴുകിവരാറുണ്ട്. ഇവ പാലത്തിൽ തടഞ്ഞുനിന്ന് പുഴയിലെ ഒഴുക്കുവെള്ളം ഇരുവശത്തേക്കും മാറിയൊഴുകി അതിശക്തമായി ജനവാസ കേന്ദ്രങ്ങളിലേക്ക് കുതിച്ചെത്തുമെന്ന ഭീതിയിലാണ് ജനങ്ങൾ മഴക്കാലത്ത് കഴിയുന്നത്.
2018ൽ ചാലക്കുടി മാർക്കറ്റിൽ കോടിക്കണക്കിന് രൂപയുടെ സാധനങ്ങൾ നശിച്ച് വൻ നഷ്ടം വരാൻ കാരണം വെട്ടുകടവ് പാലത്തിലൂടെ കയറിവന്ന വെള്ളമാണ്. ടൺകണക്കിന് അരിയും മറ്റു ധാന്യങ്ങളുമാണ് അന്ന് വെള്ളം കയറി നശിച്ചത്. നശിച്ച സാധനങ്ങളുടെ ചാക്കുകൾ തെരുവിൽ കൂട്ടിയിട്ടത് ഇന്നും ഇവിടത്തുകാർ ഞെട്ടലോടെയാണ് ഓർക്കുന്നത്.
രണ്ടാഴ്ചയിലേറെ സമയമെടുത്ത് പട്ടാളത്തിന്‍റെ സഹായത്തോടെയാണ് മാർക്കറ്റ് മുഴുവനും ശുചിയാക്കിയത്. പാലത്തിൽനിന്ന് വെട്ടുകടവ് റോഡിലൂടെ കുതിച്ചുയർന്ന പുഴവെള്ളം ചാലക്കുടി നഗരസഭയിലെ മൂന്ന് വാർഡുകളെ നശിപ്പിച്ചു. അതുപോലെ മറുകരയിലെ മേലൂർ പഞ്ചായത്തിലെ രണ്ട് വാർഡുകളിലെ ജനങ്ങൾക്ക് തീരാദുരിതം നൽകി.
ഈ ഭീതിയിൽ ഇന്നും ജൂൺ, ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ വളരെ കരുതലോടെയേ സാധങ്ങൾ സ്റ്റോക്ക് ചെയ്യൂ. പാലത്തിന് ഇപ്പോഴുള്ളതിൽനിന്ന് ഉയരം കൂട്ടണമെന്ന ആവശ്യവും 2018ന് ശേഷം ശക്തമാണ്.
ഡാമുകൾ തുറന്നപ്പോൾ പുഴയിലൂടെ ഒഴുകിയെത്തി പാലത്തിൽ തടഞ്ഞ നിരവധി വൃക്ഷങ്ങളാണ് ഈ വർഷവും ദുരന്തനിവാരണ വിഭാഗത്തിന്‍റെ സഹായത്തോടെ നീക്കംചെയ്തത്.
ചാലക്കുടി മേഖലയിൽ അഞ്ചോളം പാലങ്ങളാണ് ചാലക്കുടിപുഴക്ക് കുറുകെയുള്ളത്. എന്നാൽ, അവയിൽ ഒരിടത്തും ഈ പ്രശ്നമില്ല. എന്നാൽ, വെട്ടുകടവ് പാലത്തിന്‍റെ ഉയരക്കുറവ് നിലനിൽക്കുന്നിടത്തോളം ഇനിയും ദുരന്തങ്ങൾ ആവർത്തിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് പാലം നിർമിച്ചപ്പോൾ ഈ പ്രതിസന്ധി ആർക്കും കാണാൻ സാധിച്ചില്ല. അതുകൊണ്ട് പാലം അൽപംകൂടി ഉയർത്തി നിർമിച്ചാൽ പ്രശ്നം പരിഹരിക്കാനാകും.
സാങ്കേതിക വിദ്യ പുരോഗമിച്ചതിനാൽ വെട്ടുകടവ് പാലത്തിന്‍റെ ഉയരം വർധിപ്പിക്കുക അസാധ്യമായ കാര്യമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

