വെണ്ണീർ പോലൊരു ഗ്രാമം വെന്നൂർ; വെടിക്കെട്ട് ദുരന്തം അനാഥമാക്കിയ ദലിത് കോളനിയെ കുറിച്ച് അന്വേഷണം
text_fieldsവെന്നൂർ വടക്കേക്കര ഉന്നതിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വെടിക്കെട്ട് നിർമാണ ശാലകൾ. ഈ വെടിപ്പുരകളിൽ
നിരവധി സ്ത്രീ പുരുഷന്മാർ ഒരുകാലത്ത് തൊഴിൽ ചെയ്തിരുന്നു
തൃശൂർ: ആഘോഷങ്ങളുടെയെല്ലാം അന്ത്യത്തിൽ ലക്ഷക്കണക്കിന് കാണികൾ പുലരിയോളം കാത്തിരിക്കും. സൂര്യനുദിക്കുന്നതിനും നിമിഷങ്ങൾക്ക് മുമ്പ് നനുത്ത ഇരുട്ടിൽ ആകാശത്ത് വിരിയുന്ന വർണവിസ്മയങ്ങളും കാതടപ്പിക്കുന്ന ശബ്ദവും എത്ര കേട്ടാലാണ് ഉത്സവപ്രേമികൾക്ക് മതിയാകുക. ഓലപ്പടക്കങ്ങളിൽ തുടങ്ങി കുഴിമിന്നിയടക്കമുള്ളവയിൽനിന്നുള്ള ഉഗ്രസ്ഫോടന ശബ്ദങ്ങളും നിറങ്ങളും വിതറുന്ന കരിമരുന്ന് പ്രയോഗമില്ലാതെ നമുക്കെന്താഘോഷം. ഒരുനിമിഷം ഹൃദയം നിലച്ചുപോകുന്ന ആ അതിശബ്ദങ്ങൾ നമുക്കത്ര ഇഷ്ടമാണ്.
കരിമരുന്നാഘോഷത്തിന് ശേഷം ആർത്തുവിളിച്ച് സന്തോഷത്തോടെ കാണികൾ പിരിയും. കരിപുരണ്ട കുറച്ചുപേർ പൂക്കുറ്റികളും കുഴിമിന്നിയും നിറച്ച കുഴികൾക്കിടയിൽ ശേഷിക്കും. കരിപുരണ്ട ശരീരങ്ങളുമായി ഭാഗ്യം ഒന്നുകൊണ്ടുമാത്രം ആ മനുഷ്യർ വീടുകളിൽ ചെന്നുചേരും. ഭാഗ്യം തുണച്ചവരേക്കാൾ ഏറെയാണ് ദൗർഭാഗ്യം വിഴുങ്ങിയവർ എന്ന കണക്കറിയുമ്പോഴാണ് ആ ഭീകരത നമുക്ക് ബോധ്യമാകുക.
അതിന്റെ ഒടുവിലെ ഉദാഹരണമാണ് 2026 ഏപ്രിൽ 21നുണ്ടായ മുണ്ടത്തികോട് വെടിക്കെട്ട് നിർമാണശാലയിലെ പൊട്ടിത്തെറി. കൊല്ലം പുറ്റിങ്ങൽ വെടിക്കെട്ടിന് ശേഷം കേരളം വിറച്ച വലിയ വെടിക്കെട്ട് ദുരന്തങ്ങളിലൊന്ന്. കേരളത്തിൽ ഇതിനകം ചെറുതും വലുതുമായ 400ലധികം വെടിക്കെട്ട് ദുരന്തങ്ങളിൽ 800ലധികം പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട് എന്നാണ് കണക്ക്. ഇതിന് ഏതെങ്കിലും കാലത്ത് അറുതിയുണ്ടാകുമെന്ന് വിശ്വസിക്കാനാവില്ല. ആചാരങ്ങളും ആഘോഷങ്ങളും അത്രമേൽ ശക്തിപ്പെടുന്ന കാലമാണിത്. ദുരന്തങ്ങളും പിന്നാലെയുണ്ടാകും.
വെടിക്കെട്ട് ദുരന്തങ്ങൾ ആൺകുട്ടികളെ കൂട്ടിക്കൊണ്ടുപോയ ഒരു ഗ്രാമവും അവിടെ ഒരു ദലിത് കോളനിയുമുണ്ട് തൃശൂർ ജില്ലയിൽ. വെന്നൂർ എന്നാണ് ആ ഗ്രാമത്തിന്റെ പേര്. ചേലക്കര, പഴയന്നൂർ പഞ്ചായത്തിലെ ഒമ്പത്, 10 വാർഡുകളിലായാണ് വെന്നൂർ ഗ്രാമം. കേരളത്തിലെ പ്രമാദമായ എല്ലാ വെടിക്കെട്ടിലും വെന്നൂർ ഗ്രാമത്തിൽനിന്ന് ഒരാളെങ്കിലും കൊല്ലപ്പെടുകയോ ഒരാൾക്കെങ്കിലും പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടാകും. ഇതിനകം 13ലധികം പേർക്കാണ് ഈ ഗ്രാമത്തിൽ വിവിധ വെടിക്കെട്ട് ദുരന്തങ്ങളിലായി ജീവൻ പൊലിഞ്ഞത്.
ഈ ദുരന്തത്തിലും അത് ആവർത്തിച്ചു. മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ചവരിൽ ആദ്യം തിരിച്ചറിഞ്ഞത് സുദർശനൻ എന്ന തൊഴിലാളിയെ ആയിരുന്നു. വെന്നൂർ സ്വദേശിയാണ് സുദർശനൻ. പതിറ്റാണ്ടുകളായി കരിമരുന്ന് ജോലിയിൽ ഏർപ്പെട്ടിരുന്ന സുദർശനൻ അസുഖത്തെ തുടർന്ന് കുറച്ചുകാലമായി പണിക്ക് പോകാറില്ലായിരുന്നു. മൂന്ന് വർഷമായി കരിമരുന്ന് നിറക്കൽ ജോലിക്ക് പോയിട്ടില്ല. ഈ സീസണിലാണ് വീണ്ടും പോയിത്തുടങ്ങിയത്. അത് അന്ത്യയാത്രയായി മാറുകയായിരുന്നു. ഗ്രാമത്തിൽനിന്നുള്ള മൂന്ന് നാലുപേർക്ക് പൊള്ളലേറ്റിട്ടുമുണ്ട്.
വെന്നൂരുപോലെ തന്നെ വെടിക്കെട്ട് തൊഴിലിൽ ഭ്രമം വന്ന് അതിലേക്ക് യുവാക്കൾ പോകുന്ന തൃശൂരിലെ മറ്റൊരു ഗ്രാമമാണ് എരുമപ്പെട്ടി കുണ്ടന്നൂർ. മുണ്ടത്തിക്കോട് അപകടത്തിൽ കുണ്ടന്നൂർ മുതുകാട്ടിൽ സുവിൻ എന്ന യുവാവിനും ദാരുണമരണം സംഭവിച്ചിരുന്നു. വെടിക്കെട്ട് അപകടത്തില്‍ മരിച്ച സുവിന്റെ മൃതശരീരം അപകടദിവസം തന്നെ കണ്ടെത്തിയിരുന്നു. ഭാര്യയും മകനും അച്ഛനും അമ്മയും മാത്രമുള്ള കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു സുവിന്‍. സ്‌പ്രേ പെയിന്റിങ് തൊഴിലാളിയായിരുന്ന സുവിന്‍ പൂരസീസണില്‍ മാത്രമാണ് വെടിക്കെട്ട് ജോലികള്‍ക്ക് പോയിരുന്നത്.
വർഷങ്ങൾക്കുമുമ്പ് തൃശൂർ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ വെടിക്കെട്ടിനിടെ കുണ്ടന്നൂർ സുന്ദരൻ എന്ന പ്രശസ്തനായ വെടിക്കെട്ട് കരാറുകാരന് ജീവൻ നഷ്ടപ്പെട്ട സംഭവവും കേരളം മറന്നിട്ടില്ല. സുന്ദരന്റെ പിതൃസഹോദര പുത്രനായ മുണ്ടത്തിക്കോട് സതീശിന്റെ ഉടമസ്ഥതയിലുള്ള വെടിപ്പുരയിലാണ് ദുരന്തമുണ്ടായത്. സതീശനടക്കം 15 പേരാണ് മരിച്ചത്. എത്രപേർ അപകടത്തിൽപെട്ടു എന്നതിനുപോലും കൃത്യമായ കണക്കില്ല.
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ മരിച്ച വെന്നൂർ സ്വദേശി സുദർശനൻ
വെന്നൂരിലേക്ക് തന്നെ തിരിച്ചുവരാം. വെടിക്കെട്ട് തൊഴിൽ എന്ന് കേട്ടാൽ മതിഭ്രമം ബാധിച്ചതുപോലെ അതിലേക്ക് ചെന്നുചേരുന്നവരാണ് ഒരുകാലത്ത് വെന്നൂരിലെ ആണുങ്ങൾ. തുടർച്ചയായുള്ള അപകടങ്ങൾ അവരെ ഭയപ്പെടുത്തിയിരിക്കുന്നു. 13 വർഷം മുമ്പ് അത്താണിയിലുണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ വെന്നൂരിൽനിന്നുള്ള രാധാകൃഷ്ണൻ (54), സജീഷ് (25), അജീഷ് (27) എന്നിവർക്ക് ജീവൻ നഷ്ടമായിരുന്നു.
2006ലെ പാടൂക്കാട് വെടിക്കെട്ടപകടത്തിൽ ഗ്രാമത്തിലെ രാധാകൃഷ്ണൻ, സുരേഷ് തെക്കേക്കര, സുരേഷ് ആശാരിക്കുന്ന്, സുദേവൻ പടിഞ്ഞാറ്റുമുറി, അജീഷ്, സതീശ്, വേശുക്കുട്ടൻ എന്നിവരും മരിച്ചു. മുണ്ടത്തിക്കോട് ദുരന്തത്തിൽ സുദർശനനും. വിവിധ അപകടത്തിൽ കൈകാലുകൾ അറ്റും പൊള്ളലേറ്റും പരിക്കേറ്റവരും ഇവിടെ കുറവല്ല. പലരും പിന്നീട് മരിച്ചു.
ഇപ്പോൾ വീട്ടിലുള്ളവവരുടെ നിർബന്ധത്തിന് വഴങ്ങി പുതിയ തൊഴിൽമേഖലകളിലേക്ക് തിരിഞ്ഞിരിക്കുകയാണ് ഇവിടെയുള്ളവർ. വെന്നൂർ സെന്റർ, കൊളമ്പ്, വെന്നൂർ ദലിത് കോളനി എന്നിവിടങ്ങളിലുള്ളവരായിരുന്നു വെടിപ്പുരകളിൽ ജോലിക്ക് പോകുന്നവരിൽ അധികവും. വെന്നൂരിൽ തന്നെ വെടിക്കെട്ട് അപകടങ്ങളിൽ ഏറ്റവും കൂടുതൽ ജീവനുകൾ പൊലിഞ്ഞത് വെന്നൂർ വടക്കേക്കര ദലിത് ഉന്നതിയിലാണ്. അതേക്കുറിച്ച് നാളെ.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

