ദേശീയപാതയിലെ കുരുക്ക്; ബദൽ ക്രമീകരണത്തിന് ശ്രമം
text_fieldsചാലക്കുടി: നീറ്റ് പരീക്ഷയുടെ പശ്ചാത്തലത്തിൽ ഞായറാഴ്ച ദേശീയപാത ചാലക്കുടി മേഖലയിൽ കുരുക്കുകൾ ഒഴിവാക്കാൻ ഗതാഗതം ഗ്രാമീണ റോഡുകളിലൂടെ തിരിച്ചുവിട്ടു. ഞായറാഴ്ച രാവിലെ അഞ്ചുമുതലാണ് നിയന്ത്രണങ്ങൾ ആരംഭിച്ചത്. വരുംദിവസങ്ങളിൽ തൃശൂർ പൂരത്തിനോടനുബന്ധിച്ച് കനത്ത ഗതാഗതം ഉണ്ടാകാനുള്ള സാധ്യത മുൻകൂട്ടി കണ്ടുകൊണ്ടുള്ള നിയന്ത്രണമാണ് ഇപ്പോൾ ദേശീയപാതയിൽ നടക്കുന്നത്.
ഗതാഗത പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞദിവസം കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ആർ.ടി.ഒ എൻഫോഴ്സസ്മെന്റ്, മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ, എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥർ, ഡിവൈ.എസ്.പി, ഡി.സി.ആർ.ബി, ചാലക്കുടി, കൊരട്ടി, ചാലക്കുടി, പുതുക്കാട്, കൊടകര സ്റ്റേഷൻ ഹൗസ് ഓഫിസർമാർ, നിർമാണ കമ്പനി ഉദ്യോഗസ്ഥർ എന്നിവരുമായി ചർച്ച നടത്തിയിരുന്നു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി വലിയ കുരുക്കുകളാണ് ദേശീയപാതയിൽ സംഭവിക്കുന്നത്. തൃശൂർ ട്രാക്കിൽ ചിറങ്ങര മുതൽ അങ്കമാലി വരെ കിലോമീറ്ററുകളോളം നീണ്ട കുരുക്ക് യാത്രക്കാരെ കുറച്ചൊന്നുമല്ല ദുരിതത്തിലാക്കിയത്. ശ്വാസംമുട്ടിക്കുന്ന ഗതാഗതക്കുരുക്ക് തലവേദനയായി മാറിയിരുന്നു.
ഇതോടെയാണ് തൃശൂർ പൂരത്തോടനുബന്ധിച്ചു 4, 5, 6, 7 തീയതികളിൽ വലിയതോതിൽ വാഹന ഗതാഗതം ഉണ്ടാകുവാൻ സാധ്യത ഉണ്ടെന്ന് അധികാരികൾ തിരിച്ചറിഞ്ഞത്. യോഗത്തിലെ തീരുമാനപ്രകാരം ദേശീയപാതയിൽ നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
സർവിസ് റോഡുകൾ, ആമ്പല്ലൂർ, മുരിങ്ങൂർ എന്നിവിടങ്ങളിലെ ടാറിങ് ജോലികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് യോഗത്തിൽ തീരുമാനമെടുത്തിട്ടുണ്ട്. ട്രാഫിക് ഡൈവേർഷൻ ഭാഗങ്ങളിൽ ഫ്ലൂറസെൻറ് ബോർഡുകളും റിഫ്ലക്റ്റീവ് മാർക്കിങ്ങുകളും ഉപയോഗിച്ചിട്ടുണ്ട്. ഗതാഗതം തിരിച്ചുവിടാൻ 15 ട്രാഫിക് വാർഡന്മാരുടെ സേവനം നാലു മണിക്കൂർ ഇടവിട്ട് ക്രമീകരിക്കുന്നു.
മുരിങ്ങൂർ ജങ്ഷൻ, ചിറങ്ങര അമ്പലം, പേരാമ്പ്ര എന്നിവിടങ്ങളിലെ ബസ് സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കാനുള്ള നടപടിയായി. റോഡിൽ ആഴത്തിൽ കുഴിയെടുത്ത ഇടങ്ങളിൽ മതിയായ സംരക്ഷണ ബാരിക്കേഡുകൾ സ്ഥാപിക്കും. രണ്ടുദിവസം മുമ്പ് അതിരാവിലെ കൊരട്ടിയിൽ ഒരു ബൈക്ക് കുഴിയിൽ വീണ് അപകടത്തിൽപെട്ടിരുന്നു.
അതുപോലെ ഡൈവേർഷൻ പോയൻറുകളിൽ റോഡിന്റെ വീതിയും ഉയരവും ക്രമീകരിച്ചും റീടാറിങ് നടത്തിയുമുള്ള ഗതാഗത സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന് തീരുമാനമെടുത്തിരുന്നു. മേൽപാല നിർമാണ പ്രദേശങ്ങളിൽ ആവശ്യമായ ട്രാഫിക് ഡൈവേർഷനുകൾ നടപ്പാക്കുന്നതിന് മുമ്പ് പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവരുമായി ചേർന്ന് പരിശോധന നടത്തും.
മുരിങ്ങൂർ ജങ്ഷനിൽനിന്ന് ചാലക്കുടി ഭാഗത്തേക്ക് വരുന്ന ഡൈവർഷൻ പോയൻറ് വരുന്ന റോഡ് ശരിയാക്കുന്നതിനും ഗതാഗതക്കുരുക്ക് എത്രയും പെട്ടെന്ന് പരിഹരിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നതിന് ദേശീയപാത ഉദ്യോഗസ്ഥർക്കും കരാറുകാർക്കും നിർദേശം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

