അഷ്ടമിച്ചിറ പാടത്ത് വാഹനാപകടങ്ങൾ തുടർക്കഥ
text_fieldsകൊടകര-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ അപകടം പതിവായ വടമ റോഡ്
മാള: കൊടകര-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ വടമ അഷ്ടമിച്ചിറ പാടത്ത് വാഹന അപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞദിവസം ടെംപോ മതിലിൽ തട്ടി തലകീഴായി മറിഞ്ഞതിന് തൊട്ടുപിന്നാലെ, വേഗതയിലെത്തിയ ബൈക്ക് ടെംപോയിൽ ഇടിച്ച് യുവാവ് മരിച്ചതാണ് ഈ മേഖലയിലെ ഒടുവിലത്തെ ദുരന്തം.
ഇരുചക്ര യാത്രികർ അപകടത്തിൽപ്പെട്ട് ജീവൻ പൊലിഞ്ഞ സംഭവങ്ങൾ നേരത്തേയും ഉണ്ടായിട്ടുണ്ട്. അഷ്ടമിച്ചിറ ഉരുണ്ടോളി പെട്രോൾ പമ്പിന് മുന്നിൽ ബൈക്കിൽ യാത്ര ചെയ്തിരുന്ന അധ്യാപിക ബസിടിച്ച് മരിച്ചത് 2024 ആണ്. ബസിനെ മറികടന്ന ബൈക്ക് കാറിൽ ഇടിച്ച് എരവത്തൂർ സ്വദേശികളായ യാത്രികരായ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കഴിഞ്ഞവർഷം ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് വിദ്യാർഥി മരിച്ചു. പൂക്കടയിലേക്ക് ഇടിച്ച് കയറി അപകടമുണ്ടാക്കിയിരുന്നു. മറ്റ് രണ്ട് വിദ്യാർഥികൾക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തു.
അമിതവേഗതയാണ് അപകടത്തിന് കാരണമാവുന്നതായി പറയുന്നത്. വേഗത നിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കാത്ത അധികൃത നിലപാട് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വേഗത കുറക്കുന്നതിനു അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിട്ടില്ലെന്ന് പരാതിയുണ്ട്. തിരക്കേറിയ അഷ്ടമിച്ചിറ ജങ്ഷനിൽ പോലും റോഡ് മുറിച്ച് കടക്കാൻ കാൽനട യാത്രക്കാർക്ക് സീബ്രാലൈനുകളില്ല.
ഉരുണ്ടോളി ബാർ ജങ്ഷൻ, ഉരുണ്ടോളി ജങ്ഷൻ, അഷ്ടമിച്ചിറ ജങ്ഷൻ തുടങ്ങിയ മൂന്നും കൂടിയ റോഡുകളിൽ എതിരെ വരുന്ന വാഹനങ്ങൾ കാണാനായി മിറർ വേണമെന്നാവശ്യമുണ്ട്. ഇടുങ്ങിയ ഉരുണ്ടോളി ജങ്ഷനിൽ റോഡിലേക്ക് തള്ളി നിൽക്കുന്ന കെട്ടിടങ്ങൾ ഒഴിപ്പിച്ച് റോഡിന് വീതികൂട്ടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വാഹനങ്ങൾ അപകടത്തിൽപെടുന്നതിന്റെ കാരണം കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

