വാഴച്ചാൽ-മലക്കപ്പാറ റോഡ്; ഇന്ന് മുതൽ ഗതാഗതം പൂർണമായും നിലക്കും
text_fieldsആനമല റോഡിൽ ആനക്കയത്ത് അപകടാവസ്ഥയിലായ കലുങ്ക്
അതിരപ്പിള്ളി: തിങ്കളാഴ്ച മുതൽ വാഴച്ചാൽ-മലക്കപ്പാറ റോഡിൽ ഗതാഗതം പൂർണമായും നിലക്കും. പൊതുമരാമത്ത് വകുപ്പിന്റെ കലുങ്ക് നിർമാണത്തിന്റെ ഭാഗമായാണ് നടപടി. ആനക്കയത്ത് കുമ്മാട്ടി ഭാഗത്ത് കലുങ്ക് അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് കഴിഞ്ഞ മാസം 30 മുതൽ ആനമല അന്തർ സംസ്ഥാന റോഡിൽ ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരുന്നു. ചെറുവാഹനങ്ങളും ബസുകൾ അടക്കമുള്ള യാത്രാ വാഹനങ്ങളും യാത്രക്കാരെ ഇറക്കി റോഡിന്റെ ഒരു വശത്തൂടെ കടത്തി വിട്ടിരുന്നു. എന്നാൽ കലുങ്ക് നിർമാണം ആരംഭിച്ചാൽ പണി തീരും വരെ ഇതും നിരോധിക്കും. വാഴച്ചാൽ വരെ മാത്രമേ വാഹനങ്ങളെ കടത്തി വിടുകയുള്ളു.
ഈ മാസം 10ന് മുമ്പ് കലുങ്ക് നിർമാണം പൂർത്തിയാക്കണമെന്ന് ജില്ല കലക്ടർ പൊതുമരാമത്ത് വകുപ്പിന് കർശന നിർദേശം നൽകിയിരുന്നു. എന്നാൽ പണി പൂർത്തീകരിക്കാത്തത് നാട്ടുകാരുടെയും യാത്രക്കാരുടെയും വിമർശനത്തിന് കാരണമായിരുന്നു. ഗതാഗതം റൂട്ടിൽ ഭാഗികമായി നിരോധിച്ചിട്ട് 17 ദിവസം കഴിഞ്ഞിട്ടാണ് പണികൾ ആരംഭിക്കുന്നത്. സംരക്ഷിത വനമേഖലയായതിനാൽ മരം മുറിക്കാനും മണ്ണെടുക്കാനും വനംവകുപ്പിന്റെ അനുമതി ലഭിക്കണം. അനുമതി ലഭിക്കാത്തത് കൊണ്ടാണ് നിർമാണം ആരംഭിക്കാതിരുന്നതെന്നാണ് പൊതുമരാമത്ത് അധികൃതരുടെ വാദം.
ശക്തമായ മഴയിൽ കല്ലുകൾ അടർന്നു പോയതിനെ തുടർന്നാണ് മലക്കപ്പാറ റോഡിൽ കുമ്മാട്ടി 34 മൈൽ ഭാഗത്ത് കലുങ്ക് അപകടാവസ്ഥയിലായത്. ദിനേന നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന അന്തർ സംസ്ഥാന പാതയാണ് ആനമല റോഡ്. പണികൾ ആരംഭിച്ചാൽ വീണ്ടും എന്ന് തുറക്കുമെന്നതിനെപ്പറ്റി സൂചനയൊന്നുമില്ല. മലക്കപ്പാറക്കും വാൽപ്പാറക്കും പോകാൻ ഈ മേഖലയിൽ മറ്റ് വഴികളൊന്നുമില്ല. മലക്കപ്പാറയിലേക്ക് വാഹനങ്ങൾ വാൽപ്പാറയിലൂടെ പൊള്ളാച്ചി വഴി പോകേണ്ട അവസ്ഥയുണ്ടാകും. തോട്ടം തൊഴിലാളി മേഖലയെയും മലക്കപ്പാറ, അതിരപ്പിള്ളി കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാരത്തെയും ഇത് പ്രതികൂലമായി ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

