വട്ടായി വിളിക്കുന്നു,വീഴാതെ നോക്കണേ...
text_fieldsവട്ടായി വെള്ളച്ചാട്ടം
വടക്കാഞ്ചേരി: വിനോദസഞ്ചാര കേന്ദ്രങ്ങൾ സംരക്ഷിക്കുമെന്ന പ്രഖ്യാപനങ്ങൾ ജലരേഖയായെന്ന് ആക്ഷേപം. തെക്കുംകര പഞ്ചായത്തിലെ മംഗല്യപ്പാറക്ക് സമീപത്തെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ വട്ടായി വെള്ളച്ചാട്ടമാണ് വകുപ്പുകളുടെ എകോപനമില്ലായ്മയിൽ അഭംഗിയാകുന്നത്. നിരവധി പേർ ദൃശ്യചാരുത ആസ്വദിക്കാൻ കുടുംബസമേതം എത്തുന്ന ഇവിടേക്കുള്ള സഞ്ചാരപാത ദുർഘടം നിറഞ്ഞതാണ്.
വനംവകുപ്പിന്റെ അധീനതയിലുള്ളതാണ് വട്ടായി വെള്ളച്ചാട്ടം. കാട്ടുചോലകളിൽനിന്ന് കളകളാരവത്തോടെ ഒഴുകിയെത്തുന്ന ജലം നയനമനോഹരമാണ്. പാറക്കെട്ടിൽനിന്ന് താഴേക്ക് പതിക്കുന്ന വെള്ളം അലക്ഷ്യമായി പല കൈവഴികളിലൂടെ ദിശയറിയാതെ ഒഴുകുന്നത് തടയാനും മറ്റും പഞ്ചായത്ത് പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും വനം വകുപ്പിന്റെ കടുംപിടുത്തം വിനയായി. വട്ടായി കുടിവെള്ള പദ്ധതിക്കു സമീപത്തെ കുരിശുപള്ളിയുടെ ഭാഗത്ത് ചെക്ക് ഡാം നിർമിക്കാൻ പീച്ചിയിൽനിന്ന് ഉദ്യോഗസ്ഥ സംഘമെത്തി പരിശോധിച്ച് മൂന്ന് കോടി രൂപയുടെ എസ്റ്റിമേറ്റും തയാറാക്കിയിരുന്നു. ചെക്ക് ഡാം യാഥാർഥ്യമായാൽ മെഡിക്കൽ കോളജ് പരിസരമുൾപ്പെടെ നിരവധി പ്രദേശങ്ങളിലേക്ക് കുടിവെള്ളം യഥേഷ്ടം വിതരണം ചെയ്യാനാകുമെന്ന പ്രതീക്ഷയും അവസാന നിമിഷത്തിൽ തകിടം മറിഞ്ഞു. കൂടാതെ വട്ടായി കുടിവെള്ള പദ്ധതിയുടെ സമീപത്തെ സ്വകാര്യ വ്യക്തിയുടെ പട്ടയമുള്ള സ്ഥലത്തുകുടി തൂക്കുപാലവും വശങ്ങളിൽ പ്ലാറ്റ്ഫോമും നിർമിച്ചാൽ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് എത്ര സമയം വേണമെങ്കിലും വട്ടായി വെള്ളച്ചാട്ട പരിസരത്ത് തമ്പടിക്കാം.
സഞ്ചാരികളെ മാടി വിളിക്കാൻ ഉതകുന്ന നവീകരണ പ്രവൃത്തികൾ ചെയ്താൽ ടൂറിസം മേഖലക്കുതന്നെ വട്ടായി വെള്ളച്ചാട്ടം മുതൽകൂട്ടാകും. വെള്ളച്ചാട്ടം വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമാക്കാൻ മാറി മാറി വരുന്ന സർക്കാറുകൾക്ക് മുന്നിൽ നിരവധി തവണ നിവേദനങ്ങൾ നൽകിയെങ്കിലും അതൊന്നും അധികൃതർ ഗൗനിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

