വള്ളിവട്ടം-വെള്ളാങ്കല്ലൂർ റോഡ്; അധികൃതർ കനിഞ്ഞാൽ ഇതുവഴിയും ബസ് സർവിസ്
text_fieldsവള്ളിവട്ടം-വെള്ളാങ്കല്ലൂർ റോഡിലെ ഇടുക്കമുള്ള റെഗുലേറ്റർ കം സ്ലൂയിസ് ബ്രിഡ്ജ്
വള്ളിവട്ടം: ബസുകൾ സർവിസ് നടത്താൻ തയാറാണ്. പക്ഷെ ഇതിനു അധികൃതർ കനിയണം. രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ വിലുങ്ങുതടിയായ പാലം അൽപം വീതി കൂട്ടണമെന്ന് മാത്രം. വള്ളിവട്ടം-വെള്ളാങ്കല്ലൂർ റോഡിലെ അരിപാലം റെഗുലേറ്റർ കം സ്ലൂയിസ് പുതുക്കി നിർമിക്കണമെന്ന ആവശ്യത്തിന് പഴക്കമേറെ. വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ ആകാത്തതിനാൽ ഇതുവഴി ബസ് സർവിസ് ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാർഥ്യം.
ഗവ. യു.പി സ്കൂൾ, വില്ലേജ് ഓഫിസ്, ആയുർവേദ ആശുപത്രി തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഉള്ള പ്രദേശമാണ് വള്ളിവട്ടം. ഇവിടെനിന്ന് വെള്ളാങ്കല്ലൂർ പോകുന്നത് ചുറ്റി വളഞ്ഞാണ്. പടിയൂർ, കാട്ടൂർ, കാക്കാത്തുരുത്തി, ഇരിങ്ങാലക്കുട, താണശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലേക്ക് എളുപ്പം എത്തിച്ചേരാൻ കഴിയുന്ന റോഡാണിത്.
രണ്ടര കിലോമീറ്റർ ദൂരത്തിലുള്ള ഈറോഡ് വീതി കൂട്ടി പുനർ നിർമിച്ചിട്ടുണ്ട്. അതേസമയം ബ്രിഡ്ജിന് സമീപത്ത് എത്തുമ്പോൾ വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത വിധം ഇടുങ്ങിയ അവസ്ഥയാണുള്ളത്. കാർഷികമേഖലയിൽ ഉപ്പ് കയറാതിരിക്കാൻ ഇവിടെ സ്ലൂയിസ് കം ബ്രിഡ്ജ് ആണ് നിർമിച്ചിട്ടുള്ളത്. കാലപ്പഴക്കത്താൽ ഇത് പ്രവർത്തനക്ഷമമല്ലെന്ന് പരാതിയുണ്ട്. അടുത്ത തെരഞ്ഞെടുപ്പിൽ ഇത് മുഖ്യ വിഷയമാക്കാൻ കാത്തിരിക്കുകയാണ് പ്രദേശനിവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

