വാടാനപ്പള്ളിയിൽ തെരുവുനായ്ക്കളുടെ ആക്രമണം; 30 കോഴികളെ കടിച്ചുകൊന്നു
text_fieldsവാടാനപ്പള്ളി: തെരുവുനായ്ക്കൾ 30 കോഴികളെ കടിച്ചുകൊന്നു. അഞ്ചാം വാർഡിലെ റാഫി കോർണറിൽ താമസിക്കുന്ന പണിക്കവീട്ടിൽ ഷംസുവിന്റെ വീട്ടിലെ വളർത്തുകോഴികളെയാണ് കടിച്ചുകൊന്നത്. ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. കോഴികളെ കൂട്ടിൽനിന്ന് രാവിലെ തുറന്നുവിട്ടിരുന്നു.
എട്ട് തെരുവുനായ്ക്കൾ കൂട്ടമായെത്തി ആക്രമിക്കുകയായിരുന്നു. മഴയുടെ ശബ്ദം കാരണം കോഴികളുടെ കരച്ചിൽ കേട്ടിരുന്നില്ല. വീട്ടുകാർ പുറത്തുവന്നപ്പോഴാണ് നായ്ക്കൾ കോഴികളെ ആക്രമിക്കുന്നത് കണ്ടത്. വിലപിടിപ്പുള്ള അലങ്കാര കോഴികളെയും നാടൻ കോഴികളെയുമാണ് കൊന്നത്. മേഖലയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. വാടാനപ്പള്ളി റാഫി കോർണറിൽ പണിക്കവീട്ടിൽ ഷംസുവിന്റെ വീട്ടിലെ വളർത്തുകോഴികളെ തെരുവുനായ്ക്കൾ കടിച്ചുകൊന്ന നിലയിൽ
തൃപ്രയാറിൽ ഭിന്നശേഷിക്കാരന് കടിയേറ്റു
തൃപ്രയാർ: തെരുവുനായ് ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ യുവാവിന് പരിക്കേറ്റു. പഴുവിൽ മൂന്ന് സെന്റ് കോളനിയിൽ പള്ളത്ത് വീട്ടിൽ സുനീഷിനാണ് (38) കടിയേറ്റത്. തൃപ്രയാർ മിനി സിവിൽ സ്റ്റേഷന് സമീപമാണ് ആക്രമണത്തിനിരയായത്.
കഴിഞ്ഞയാഴ്ച പോളിടെക്നിക്കിന് സമീപം മൂന്നുപേരെ തെരുവുനായ് കടിച്ചിരുന്നു. പഞ്ചായത്ത് ഓഫിസ് പരിസരം, പോളിടെക്നിക് കാന്റീൻ പരിസരം, ടിപ്പുസുൽത്താൻ റോഡിൽ പോളി സെന്ററിന് തെക്കുഭാഗത്തുള്ള ജനകീയ ഹോട്ടൽ പരിസരം എന്നിവിടങ്ങളിൽ തെരുവുനായ് കൂട്ടങ്ങൾ സ്ഥിരം കാഴ്ചയാണ്.

