തെരുവ് നായ്ക്കളുടെ വിശപ്പകറ്റാൻ ചോറും ഇറച്ചിക്കറിയുമായി സഹോദരിമാർ
text_fieldsഅച്യു തെരുവ് നായ്ക്കൾക്ക് ഭക്ഷണം വിളമ്പുന്നു
വാടാനപ്പള്ളി: തെരുവ് നായ്ക്കളുടെ വിശപ്പകറ്റാൻ ഇറച്ചിക്കറിയും ചോറുമായി ഇൗ സഹോദരിമാർ 15 വർഷമായി ഊട്ടുകയാണ്. ടൈലേഴ്സ് സഹോദരിമാരായ അച്യുവും (സരസു) ജയശ്രീയും ശ്രീദേവിയുമാണ് തളിക്കുളം മേഖലയിലെ തെരുവ് നായ്ക്കളുടെ പട്ടിണി മാറ്റാൻ ഭക്ഷണം പാകം ചെയ്ത് വിളമ്പുന്നത്.
വീട്ടിൽ ചോറ് ഉണ്ടാക്കും. നായ്ക്കൾക്ക് ഇറച്ചി പ്രിയമായതിനാൽ കറിക്കായി ചിക്കൻ കടകളേയും ഹോട്ടലുകളേയും ആശ്രയിക്കും. വിതരണ ചുമതല അച്യുവിനാണ്. സൈക്കിളിലാണ് വിതരണം. തളിക്കുളം സെൻറർ, ചേർക്കര മൈതാനം, ചേർക്കര ആൽ പരിസരം എന്നിവിടങ്ങളിലാണ് വിതരണം. ഭക്ഷണവുമായി അച്യുവിെൻറ വരവ് കാത്ത് തെരുവ് നായ്ക്കൂട്ടം നിശ്ചിത സമയത്ത് തന്നെ നിലയുറപ്പിച്ചിരിക്കും.
ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിൽ പോലും നായ്ക്കളെ ഊട്ടി. അരി വാങ്ങാനും കറിയുണ്ടാക്കാനും നല്ലൊരു തുക ഇവർക്ക് ചെലവ് വരുന്നുണ്ട്. ചെമ്മാപ്പിള്ളി പരേതനായ കുമാരെൻറ മക്കളായ അച്യുവും ജയശ്രീയും തളിക്കുളം സെൻററിൽ ശ്രീഭദ്ര എന്ന പേരിൽ ടൈലറിങ് കട നടത്തുകയാണ്. ചേച്ചി ശ്രീദേവി വിവാഹിതയാണെങ്കിലും സഹായത്തിന് ഒപ്പമുണ്ട്.
പത്ത് വർഷം മുമ്പ് പുതുക്കുളങ്ങരയിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് പിതാവ് കുമാരൻ രണ്ട് വർഷത്തോളം കിടപ്പിലായിരുന്നു. എട്ട് വർഷം മുമ്പ് ഇദ്ദേഹം മരിച്ചു. അമ്മയും മാറാരോഗിയാണ്. ഇരുവരുടേയും ചികിത്സക്കായി കടം കയറി വീടും സ്ഥലവും വിൽക്കേണ്ടി വന്നതോടെയാണ് വാടക വീട്ടിലേക്ക് താമസം മാറ്റിയത്. നായ്ക്കൾക്ക് ഭക്ഷണത്തിന് ആരെങ്കിലും റേഷൻ അരിയെങ്കിലും തന്ന് സഹായിക്കുമോ എന്നാണ് ഇവരുടെ ഇപ്പോഴത്തെ പ്രതീക്ഷ.