ജനങ്ങളെ ഉപദ്രവിക്കുന്നതിൽ മോദി-പിണറായി മത്സരമെന്ന് സുധീരൻ
text_fieldsയു.ഡി.എഫ് മണലൂര്‍ മണ്ഡല പര്യടനം വാടാനപ്പള്ളി സെന്ററിൽ ഉദ്ഘാടനം ചെയ്യാനെത്തിയ കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം. സുധീരനും ടി.എൻ. പ്രതാപനും സ്ഥാനാർഥി കെ. മുരളീധരനൊപ്പം
വാടാനപ്പള്ളി: ജനങ്ങളെ ഏറ്റവും കൂടുതല്‍ ഉപദ്രവിക്കുന്ന കാര്യത്തില്‍ മോദിയും പിണറായിയും മത്സരിക്കുകയാണെന്ന് കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ മണലൂര്‍ മണ്ഡല പര്യടനം വാടാനപ്പള്ളി സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യ രാജ്യം നിലനില്‍ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന സന്ദര്‍ഭമാണ്. കേരളത്തിലേക്ക് വരുന്ന മോദി മണിപ്പൂര്‍ കത്തിയെരിഞ്ഞപ്പോള്‍ അവിടേക്ക് തിരിഞ്ഞുനോക്കാത്തയാളാണ്. ഭരണഘടനയുടെ അടിസ്ഥാനനയങ്ങള്‍ തകര്‍ത്ത് പൗരത്വ ഭേദഗതിയുമായി മതാടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നടപടിയുമായി പോകുമ്പോള്‍ അവരെ പരാജയപ്പെടുത്തണം. രാജ്യത്തെ വിലക്കയറ്റത്തിലേക്ക് തള്ളിവിടുകയാണ്. കേരളത്തിലും അതേ അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി.എൻ. പ്രതാപൻ, പി.എ. മാധവൻ, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ, മുസ് ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ് കെ.എ. ഹാറൂൺ റഷീദ്, സുനിൽ അന്തിക്കാട്, പി.കെ. രാജൻ, കെ.കെ. ബാബു തുടങ്ങിയവർ സംസാരിച്ചു.

