തളിക്കുളത്ത് പൂത്തുലഞ്ഞ് ജെയ്ഡ് വൈൻ
text_fieldsവാടാനപ്പള്ളി: തീജ്വാല പോലെ ചുവപ്പും ഓറഞ്ചും കലർന്ന പൂക്കൾ പൂത്തുലഞ്ഞ് തളിക്കുളത്ത് കൗതുകമായി ജെയ്ഡ് വൈൻ. നാട്ടിക ശ്രീനാരായണ കോളജ് മുൻ പ്രിൻസിപ്പൽ പ്രഫ. ടി.ആർ. ഹാരിയുടെ വീടിന് മുന്നിലെ പൂന്തോട്ടത്തിലാണ് വിദേശിയായ ജെയ്ഡ് വൈൻ ചെടി പൂത്തുലഞ്ഞത്. കൂട്ടമായി താഴേക്ക് തൂങ്ങിക്കിടക്കുന്ന പൂക്കൾ പൂന്തോട്ടത്തിന് അപൂർവമായ കാഴ്ചയാണ് സമ്മാനിക്കുന്നത്.
മൂന്ന് വർഷം മുമ്പാണ് ഓൺലൈനിൽ വാങ്ങിയാണ് ഹാരിയും ഭാര്യ ബീനയും ചേർന്ന് വീട്ടുവളപ്പിൽ നട്ടത്. കഴിഞ്ഞ വർഷം പൂത്തിരുന്നെങ്കിലും ഇക്കുറിയാണ് സമൃദ്ധമായി പൂക്കളുണ്ടായത്. വീടിന് മുന്നിൽ പന്തലിച്ച് നിൽക്കുന്ന വള്ളിച്ചെടിയിൽ നൂറുകണക്കിന് പൂക്കൾ വിരിഞ്ഞുനിൽക്കുന്ന കാഴ്ച കാണാൻ നിരവധി പേരാണ് എത്തുന്നത്. പൂക്കൾ കൂട്ടമായി താഴേക്ക് തൂങ്ങിക്കിടക്കുന്നതിനാൽ ദൂരെനിന്ന് തന്നെ ചെടി ശ്രദ്ധേയമാണ്. പൂക്കളിലെ തേൻ നുകരാൻ ചിത്രശലഭങ്ങളും തേനീച്ചകളും കൂട്ടമായെത്തുന്നതും കൂടുതൽ മനോഹാരിത പകരുന്നു. ഫിലിപ്പീൻസ് ഉൾപ്പെടെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ നിന്നുള്ള വള്ളിച്ചെടിയായ ജെയ്ഡ് വൈൻ സാധാരണ പൂച്ചെടികളിൽനിന്ന് വ്യത്യസ്തമാണ്. നീളത്തിൽ തൂങ്ങിക്കിടക്കുന്ന പൂക്കുലകളാണ് ഇതിന്റെ പ്രത്യേകത. അനുയോജ്യമായ കാലാവസ്ഥയും വളരാനുള്ള സൗകര്യവും ലഭിച്ചാൽ വലിയ വള്ളിയായി പന്തലിച്ച് വളരാനും സമൃദ്ധമായി പൂക്കാനും കഴിയും. സാധാരണയായി പൂന്തോട്ടങ്ങളിൽ പന്തലുകളിലും വള്ളിപ്പടർപ്പുകളിലും വളർത്തുന്ന അലങ്കാരച്ചെടിയാണിത്.
ചെടികളോടുള്ള താൽപര്യമാണ് ജെയ്ഡ് വൈൻ വീട്ടിലെത്തിക്കാൻ കാരണമെന്ന് പ്രഫ. ടി.ആർ. ഹാരി പറഞ്ഞു. പൂന്തോട്ട പരിപാലനത്തിൽ ഏറെ താൽപര്യമുള്ള ഹാരിയും ബീനയും വിവിധയിനം പൂച്ചെടികളും അലങ്കാരച്ചെടികളും പരിപാലിച്ചുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

