കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറിക്ക് നേരെ ആക്രമണം
text_fieldsവാടാനപ്പള്ളി: ഏങ്ങണ്ടിയൂരിൽ കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറിക്ക് നേരെ ആക്രമണം. ഏങ്ങണ്ടിയൂർ ചന്ത സെൻററിൽ കോഴിക്കട നടത്തുന്ന മാങ്ങൻ ജോർജിനെയാണ് ആക്രമിച്ചത്. ശനിയാഴ്ച വൈകീട്ട് മൂന്നോടെ വീടിനടുത്തുള്ള കടയുടെ വരാന്തയിലിരുന്ന ജോർജിനെയാണ് ആക്രമിച്ചത്. പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന ഇദ്ദേഹത്തെ വീട്ടുകാരാണ് അടുത്തുള്ള എം.ഐ ആശുപത്രിയിലെത്തിച്ചത്. തലക്ക് സാരമായ പരിക്കേറ്റ ജോർജിന് 27 തുന്നലുകളുണ്ട്.
സംഭവത്തിൽ ഏങ്ങണ്ടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം പ്രതിഷേധം രേഖപ്പെടുത്തി. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ കാര്യാട്ട് അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി യു.കെ. പീതാംബരൻ, ഡി.സി.സി അംഗം ഇർഷാദ് കെ. ചേറ്റുവ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് മനോജ് തച്ചപ്പുള്ളി, സെക്രട്ടറി അക്ബർ ചേറ്റുവ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് മിഥുൻ കെ. മധു, ഐ.എൻ.ടി.യു.സി ഹാർബർ യൂനിയൻ പ്രസിഡൻറ് സി.എ. ബൈജു, ഫാറൂഖ് യാറത്തിങ്കൽ, ഒ.വി. സുനിൽ, വി.എച്ച്. ഷഹീർ എന്നിവർ സംസാരിച്ചു.

