പൂട്ടിക്കിടന്ന വീട്ടിൽനിന്ന് അഞ്ച് ലക്ഷത്തിന്റെ വസ്തുക്കൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ
text_fieldsഹബീസുൽ റഹ്മാൻ, യൂനസ്
വാടാനപ്പള്ളി: ചേറ്റുവയിലെ പൂട്ടിക്കിടന്ന വീട്ടിൽനിന്ന് അഞ്ച് ലക്ഷം രൂപയുടെ വസ്തുക്കൾ മോഷ്ടിച്ച ഇതരസംസ്ഥാനക്കാരായ രണ്ടുപേർ അറസ്റ്റിൽ. ന്യൂഡൽഹി വെസ്റ്റ് ന്യൂ ഫ്രണ്ട്സ് ഉന്നതിയിലുള്ള തേമു നഗർ സ്വദേശി യൂനസ് (24 ), അസം ചിരാംഗ് ജില്ലയിൽ ധാലിഗാവ് സ്വദേശി ഹബീസുൽ റഹ്മാൻ (30) എന്നിവരെയാണ് റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം രണ്ടിന് രാത്രി 7.30 നും അടുത്ത ദിവസം രാവിലെ 8.30നും ഇടയിലുള്ള സമയത്താണ് ഇരുവരും വീടിന് മുൻവശത്തെ വാതിൽ പൊളിച്ചു കയറി ചെമ്പ്, പിച്ചള പാത്രങ്ങളും പട്ടുസാരികളും ഉൾപ്പെടെ ലക്ഷങ്ങൾ വിലവരുന്ന വസ്തുക്കൾ മോഷ്ടിച്ചത്.
പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി വീടും പരിസരവും പരിശോധിച്ച് ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ തൃശൂർ റൂറൽ ഫിംഗർ പ്രിന്റ് ബ്യൂറോയിലെ ഉദ്യോഗസ്ഥരെയും സയന്റിഫിക് ഓഫിസറെയും സ്ഥലത്ത് വരുത്തി ഫിംഗർ പ്രിന്റ് വിദഗ്ധർ നടത്തിയ പരിശോധനയിൽ പ്രതികളുടെ വിരലടയാളങ്ങൾ ലഭിച്ചിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചാവക്കാട് പൊലീസ് സ്റ്റേഷനിൽ സമാനരീതിയിൽ കളവ് നടത്തിയവരുടെ വിവരങ്ങൾ ലഭിച്ചതും ചേറ്റുവയിലെ കേസിലെ പ്രതികളുടെ വിരലടയാളവും ഒത്തുനോക്കിയാണ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. പ്രതികൾ പകൽ ആക്രി പെറുക്കാനെന്ന വ്യാജേന കറങ്ങിനടന്ന് അടഞ്ഞുകിടക്കുന്ന വീടുകൾ കണ്ടുവെച്ച് രാത്രിയിൽ മോഷണം നടത്താറാണ് പതിവെന്ന് പൊലീസ് പറഞ്ഞു.
യൂനസ് ചാവക്കാട്, ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ പരിധികളിലായി നാല് മോഷണക്കേസുകളിൽ പ്രതിയാണ്. ഹബീസുൽ റഹ്മാൻ ചാവക്കാട് സ്റ്റേഷൻ പരിധിയിൽ മൂന്ന് മോഷണക്കേസുകളിലെ പ്രതിയാണ്. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി ബിജുകുമാർ, വാടാനപ്പള്ളി സി.ഐ ഷൈജു, എസ്.ഐ വിനീത് വി. നായർ, എസ്.ഐ രഘുനാഥ്, സി.പി.ഒമാരായ പ്രണവ്, ജിഷ്ണു, രാജകുമാര്, ശ്രീജിത്ത് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

