വടക്കുന്നാഥനിലെ ആനയൂട്ടിന് 41ാം പിറന്നാൾ; ഒരുക്കം തുടങ്ങി
text_fieldsതൃശൂർ: വടക്കുന്നാഥക്ഷേത്രത്തിലെ ആനയൂട്ട് 17ന് നടക്കും. 41ാം വർഷമാണ് ഇത്തവണത്തെ ആനയൂട്ട്. 1983ൽ ചെറിയ രീതിയിൽ ആരംഭിച്ച ആനയൂട്ട് ആണ് ഇപ്പോൾ നൂറോളം ആനകളിലെത്തി കേരളത്തിലെ ഏറ്റവും വലിയ ആനയൂട്ടിലെത്തിയത്. ഈ വർഷം 65 മുതല്‍ 70 ആനകള്‍വരെ എത്തുമെന്നാണ് പ്രതീക്ഷ. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള സ്ഥലങ്ങളില്‍നിന്നെല്ലാം ആനകള്‍ എത്തുന്നുണ്ട്. 108 നാളികേരം കൊണ്ടുള്ള ഗണപതിഹോമവും മറ്റുമായിരുന്നു തുടക്കത്തിലുണ്ടായിരുന്നത്. ഇന്ന് 10008 നാളികേരംകൊണ്ടുള്ള ഗണപതിഹോമമാണ് നടക്കുന്നത്.
വടക്കുന്നാഥന് യുവജന കര്‍മസമിതിയുടെ നേതൃത്വത്തിൽ തുടങ്ങിയ ആനയൂട്ട് ഇപ്പോൾ ക്ഷേത്രം ഉപദേശകസമിതിയുടെ നേതൃത്വത്തില്‍ കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ സഹകരണത്തോടെയാണ് നടത്തുന്നത്. വടക്കുന്നാഥക്ഷേത്രത്തില്‍ തുടങ്ങിയ ആനയൂട്ട് ഇന്നിപ്പോള്‍ നിരവധി ക്ഷേത്രങ്ങളിലേക്ക് വ്യാപിച്ചു. ആനകള്‍ക്കുള്ള കര്‍ക്കിടക ചികിത്സ കണ്ടുകൊണ്ടാണ് കര്‍ക്കിടകം ഒന്നിനുതന്നെ ആനയൂട്ട് നിശ്ചയിച്ചത്. കുട്ടിയാനകള്ക്കായിരുന്നു മുമ്പ് ആദ്യ ഉരുള നല്‍കിയിരുന്നത്.
കുട്ടിയാനകള്‍ ഇല്ലാതായതോടെ പിടിയാനകള്‍ക്കായി ആദ്യപരിഗണന. മുമ്പ് 100 ആനകള്‍വരെ എത്തിയിരുന്ന ആനയൂട്ടായിരുന്നു ഇത്. നാട്ടാനകളുടെ എണ്ണം കുറഞ്ഞപ്പോഴാണ് ആനയൂട്ടിനെത്തുന്ന ആനകളുടെ എണ്ണത്തിലും കുറവുവന്നത്. ഒരുകോടിരൂപക്കാണ് ആനയൂട്ട് ഇന്‍ഷൂര്‍ ചെയ്തിരിക്കുന്നത്. 500 കിലോ അരികൊണ്ടുള്ള ചോറാണ് ആനയൂട്ടിന് തയാറാക്കുക. നെയ്യ്, പൊടിശര്ക്കര, ഗണപതിഹോമത്തിന്റെ പ്രസാദം എന്നിവ ചേര്‍ത്ത് വലിയ ഉരുളയാക്കി 10 ഉരുളവീതം ഓരോ ആനകള്‍ക്കും നല്‍കും. ഇതുകൂടാതെ കരിമ്പ്, ചോളം, പഴം, മാമ്പഴം, തണ്ണിമത്തന്, കക്കരിക്ക, തുടങ്ങി വിവിധ പഴങ്ങളും നല്‍കും. അന്ന് അന്നദാന മണ്ഡപത്തിൽ 7000 പേർക്ക് അന്ന ദാനവും ഉണ്ടായിരിക്കും. വൈകീട്ട് കൂത്തമ്പലത്തിൽ വിശേഷാൽ ഭഗവത് സേവയും ഉണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

