ദേശീയപാത അടിപ്പാത നിർമാണം; ദേശീയപാത അതോറിറ്റിക്ക് കർശന നിർദേശം നൽകി കലക്ടർ
text_fieldsതൃശൂർ: ദേശീയപാത അടിപ്പാത നിർമാണത്തോട് അനുബന്ധിച്ച് ദേശീയപാത അതോറിറ്റിക്ക് വീണ്ടും കർശന നിർദേശം നൽകി കലക്ടർ അർജുൻ പാണ്ഡ്യൻ. സുഗമമായ ഗതാഗതവും സുരക്ഷയും ഉറപ്പാക്കുന്നതിനായി 18 നിർദേശങ്ങളാണ് നൽകിയത്. അടിപ്പാത നിർമാണം വേഗത്തിൽ പൂർത്തിയാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയപാതയിലെ ഗതാഗതക്കുരുക്കും അപാകതകളും പരിഹരിക്കുന്നതിനുള്ള നിർദേശങ്ങൾ നടപ്പാക്കി വരുന്നതായി കലക്ടറെ ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചിട്ടുണ്ട്.
കലക്ടറുടെ നേതൃത്വത്തിലുള്ള ഇടക്കാല ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് നിർദേശങ്ങൾ നൽകിയത്. വിവിധ യോഗങ്ങളിലും സന്ദർശനങ്ങളിലും നിരവധി തവണ നിർദേശങ്ങൾ നൽകിയിട്ടുണ്ടെങ്കിലും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളാണ് ഇവ.
ദേശീയപാത വിഷയവും പാലിയേക്കര ടോൾ നിർത്തിവെക്കലും അടക്കം ബന്ധപ്പെട്ട കേസുകൾ സെപ്റ്റംബർ പത്തിന് ഹൈകോടതി പരിഗണിച്ചപ്പോൾ കലക്ടറുടെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഗൗരവത്തോടെയാണ് കണ്ടത്. ഇതേത്തുടർന്നാണ് പാലിയേക്കരയിലെ ടോൾ പിരിവിനുള്ള വിലക്ക് സെപ്റ്റംബർ 15ലേക്ക് നീട്ടിയത്.
കലക്ടർ നൽകിയ 18 നിർദേശങ്ങളും പാലിച്ചത് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ എൻ.എച്ച്.എ.ഐയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ട് ലഭിച്ച ശേഷം പൊലീസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി പരിശോധന നടത്തി നിർദേശങ്ങൾ നടപ്പാക്കിയിട്ടുണ്ടോ എന്ന് കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. അതിന്റെ അടിസ്ഥാനത്തിലായിരിക്കും റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നത്.
നിലവിലെ പരിശോധനയിൽ ആമ്പല്ലൂർ, ചിറങ്ങര തുടങ്ങിയ ഭാഗങ്ങളിൽ സർവിസ് റോഡുകളുടെ നിർമാണത്തിൽ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ഗതാഗതകുരുക്കിന് കുറവുണ്ടായതായും കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
എന്നാലും സർവിസ് റോഡിൽനിന്ന് പ്രധാന പാതയിലേക്ക് കടക്കുന്നയിടത്തെ വീതിക്കുറവ്, ഓടകളുടെ അപര്യാപ്തത, മുന്നറിയിപ്പ് ബോർഡുകളുടെ അഭാവം, അടിപ്പാതകളുടെ നിർമാണത്തിലെ മെല്ലെപ്പോക്ക് തുടങ്ങിയ പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നതായി റിപ്പോർട്ടിലുണ്ട്.
കലക്ടറുടെ പ്രധാന നിർദേശങ്ങൾ
പേരാമ്പ്ര അടിപ്പാതയോട് ചേർന്നുള്ള സർവിസ് റോഡിലെ കുത്തനെയുള്ള ഇറക്കവും അപകടകരമായ വശങ്ങളും ഉടൻ നിരപ്പാക്കി ടാർ ചെയ്യണം
ചിറങ്ങര, മുരിങ്ങൂർ, പേരാമ്പ്ര, ആമ്പല്ലൂർ എന്നിവിടങ്ങളിലെ നിർമാണ സ്ഥലങ്ങളിൽ ആഴത്തിൽ കുഴിച്ച ഭാഗങ്ങളിൽ ആളുകൾ വീഴാതിരിക്കാനുള്ള സുരക്ഷാസംവിധാനങ്ങൾ ഒരുക്കണം.
ഗതാഗതം തിരിച്ചുവിടാൻ ഉപയോഗിക്കുന്ന മുരിങ്ങൂരിലെ ഒരു കിലോമീറ്ററോളം വരുന്ന പഞ്ചായത്ത് റോഡ് പൂർണമായും തകർന്നിരിക്കുന്നതിനാൽ അടിയന്തരമായി പുനർനിർമിക്കണം.
പേരാമ്പ്രയിൽ ഫ്ലൈഓവർ അപ്രോച്ച് റോഡ് അവസാനിക്കുന്ന ഭാഗത്തെ അപകടകരവും ആഴമുള്ളതുമായ സർവിസ് റോഡിന്റെ വശങ്ങളിൽ ഇരുചക്രവാഹന യാത്രക്കാരുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷക്കായി കോൺക്രീറ്റ് ബാരിക്കേഡ് നിർമിക്കണം.
എല്ലാ നിർമാണ പോയിന്റുകളിലെയും വെള്ളക്കെട്ട് ഒഴിവാക്കുകയും പൊട്ടിയ കൾവർട്ട് സ്ലാബുകൾ മാറ്റിസ്ഥാപിക്കുകയും റിക്കവറി വാഹനങ്ങൾ ഉറപ്പാക്കുകയും വേണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

