കൊരട്ടിയിൽ യു.ഡി.എഫ് വിമത ഭീഷണിയിൽ
text_fieldsകൊരട്ടി: ചെറുതും വലുതുമായ വ്യവസായങ്ങളുടെ വിളനിലമായ കൊരട്ടി പഞ്ചായത്തിൽ ഇടതുമുന്നണി ഹാട്രിക് ലക്ഷ്യമിടുമ്പോൾ ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന് വിമത ഭീഷണി. കോൺഗ്രസിലെ എ, ഐ ഗ്രൂപ്പുകൾ ഇവിടെ ശക്തമായി പ്രവർത്തിക്കുന്നതിനാൽ മിക്കവാറും വാർഡുകളിൽ വിമതർ രംഗത്തുണ്ട്. എൽ.ഡി.എഫിന് രണ്ടു വാർഡുകളിലാണ് വിമത ഭീഷണിയുള്ളത്.
മണ്ഡലം കോൺഗ്രസ് പ്രസിഡന്റും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ ലീലസുബ്രഹ്മണ്യം മത്സരിക്കുന്ന ഒന്നാം വാർഡിൽ മണ്ഡലം കോൺഗ്രസ് സേവാദൾ ചെയർമാൻ ലൈജു പാറേക്കാടനാണ് വിമതനായി രംഗത്തുള്ളത്. കോനൂർ നാലാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായ ഷാജു മുള്ളങ്കുഴിക്കെതിരെ ബാലമഞ്ച് നിയോജക മണ്ഡലം ചെയർമാൻ ലിന്റോ പോളാണ് രംഗത്തുള്ളത്. പൊങ്ങം 13ാം വാർഡിൽ മുൻ പഞ്ചായത്ത് അംഗം വർഗീസ് പയ്യപ്പിള്ളിക്കെതിരെ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സിബി തെക്കിനിയനാണ് ഭീഷണി ഉയർത്തുന്നത്.
വാർഡ് 16 വഴിച്ചാലിൽ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ ഫിൻസോ തങ്കച്ചനെതിരെ മുൻ ബ്ലോക്ക് സെക്രട്ടറിയും കോൺഗ്രസ് നേതാവ് എം.പി. വിൻസെന്റിന്റെ സഹോദരീ ഭർത്താവുമായ സന്തോഷ് ഞാറേക്കാടൻ വിമതനായി അങ്കത്തിനുണ്ട്. വാർഡ് 19 പള്ളിയങ്ങാടിയിൽ മഹിള കോൺഗ്രസ് കൊരട്ടി മണ്ഡലം പ്രസിഡന്റും ബ്ലോക്ക് സെക്രട്ടറിയുമായ സ്റ്റെല്ല വർഗീസ് കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥിയായ ബിനി ജെയ്‌സനെതിരെ മത്സര രംഗത്തുണ്ട്.
കൂടാതെ വിമതപക്ഷം വാർഡ് അഞ്ച് ചുനക്കരയിലും വാർഡ് 17 ദേവമാതയിലും കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിയെ തഴഞ്ഞ് രണ്ട് സ്വതന്ത്ര സ്ഥാനാർഥികൾക്ക് പിന്തുണയും നൽകുന്നു. പാറക്കൂട്ടം മൂന്നാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി ശ്രീമ സജിനെതിരെ വിമത സ്ഥാനാർഥിയായി പുഷ്പലത മധുവും ചുനക്കര അഞ്ചാം വാർഡിൽ എൽ.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർഥി സുന്ദരൻ പനങ്കുട്ടത്തിലിനെതിരെ മുൻ പഞ്ചായത്ത് പ്രസിഡൻറായ കുമാരി ബാലനും ടി.കെ. സഹജനും വിമത സ്ഥാനാർഥികളായി രംഗത്തുണ്ട്.
ഭരണവിരുദ്ധ വികാരം മുതലെടുത്ത് യു.ഡി.എഫ് തിരിച്ചുവരവിന് ശ്രമം നടത്തുന്നുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ മാത്രമാണ് എൽ.ഡി.എഫ് ഭരണസമിതിക്കെതിരെ ഇവർ ഏതാനും ശ്രമങ്ങൾ നടത്തിയത്. എന്നാൽ സ്ഥാനാർഥി നിർണയത്തിലെ തർക്കവും റിബൽ ശല്യവും യു.ഡി.എഫിന് വിനയായി മാറിയെന്നതാണ് സത്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

