ബസ് കാറിലിടിച്ച് രണ്ടുമരണം; ഡ്രൈവര്‍ക്ക് അഞ്ചുവര്‍ഷം തടവ്
text_fieldsതൃശൂർ: ബസ് കാറിലിടിച്ച് കാർ യാത്രക്കാരായ രണ്ടുപേര്‍ മരിക്കുകയും മറ്റുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ ബസ് ഡ്രൈവർ തൃശൂർ കൊഴുക്കുള്ളി മൂര്‍ക്കനിക്കര മേപ്പുള്ളി സുധീറിനെ (52) അഞ്ചുവര്‍ഷം തടവിനും 20,000 രൂപ പിഴയടക്കുന്നതിനും തൃശൂര്‍ ഒന്നാം അഡീഷനല്‍ അസി. സെഷന്‍സ് ജഡ്ജി സി.എസ്. അമ്പിളി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധികതടവ് അനുഭവിക്കണം. 2010 ഏപ്രില്‍ 11ന് വൈകീട്ട് 3.30ന് പെരുമ്പിലാവ് സെൻററിലാണ് അപകടം. കുറ്റിപ്പുറത്തുനിന്ന് തൃശൂരിലേക്ക് വന്ന കെ.എൽ 8 എ.എൻ 4797 നമ്പർ ബസ് മറ്റൊരു ബസുമായി മത്സരയോട്ടത്തിനിടെ എതിർവശത്തുനിന്ന് വന്ന കാറിലിടിക്കുകയായിരുന്നു.
അപകടത്തിൽ കാറിലുണ്ടായിരുന്ന വടക്കേക്കര സെൻറ് മേരീസ് പള്ളി വികാരിയും കോട്ടയം ആറുമാനൂര്‍ മുളമറ്റത്തില്‍ ചാക്കോച്ചെൻറ മകനുമായ മാത്യു ചെത്തിപ്പുഴ തല്‍ക്ഷണം മരിച്ചു. കാറിലുണ്ടായിരുന്ന മറ്റു നാലുപേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇതിൽ ഔസേപ്പ് മത്തായി രണ്ട് ദിവസത്തിന് ശേഷം മരിച്ചു.
കോട്ടയത്തുനിന്ന് കണ്ണൂര്‍ക്ക് പോവുകയായിരുന്നു കാര്‍ യാത്രക്കാര്‍. കുന്നംകുളം പൊലീസ് ബസ് ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തിരുന്നു. കേസില്‍ പ്രോസിക്യൂഷന് ഭാഗത്തുനിന്ന് 18 സാക്ഷികളെ വിസ്തരിക്കുകയും 11 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജോണ്സണ് ടി. തോമസ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

