ഒളകര ആദിവാസി ഭൂപ്രശ്നത്തിന് രണ്ടു പതിറ്റാണ്ട്
text_fieldsഒളകര ആദിവാസി കോളനിയിലെ വീട്
തൃശൂർ: ഒളകരയിലെ ആദിവാസികൾ സ്വന്തമായി ഒരുതുണ്ട് ഭൂമിക്കായി സമരം ചെയ്തും സർക്കാർ ഓഫിസുകൾ കയറിയിറങ്ങിയും രണ്ടു പതിറ്റാണ്ട് പിന്നിടുന്നു. രണ്ടു മന്ത്രിമാർ നേരിട്ട് ഇടപെട്ടിട്ടും കലക്ടർ ഉൾപ്പെടെ മുൻകൈയെടുത്ത് ഉറപ്പുകൾ നൽകിയിട്ടും ഭൂമിയെന്ന ഇവരുടെ സ്വപ്നം ജലരേഖയായി അവശേഷിക്കുന്നു. ഏറ്റവും ഒടുവിൽ ഒളകരയിൽ ഇവർക്കുള്ള ഭൂമി നൽകാൻ സംയുക്ത സർവേക്കായി തീരുമാനമെടുത്തിരുന്നു.
ഈമാസം അതിന്റെ നടപടിയിലേക്ക് കടക്കവെ ഭൂമി നൽകാനുള്ള തീരുമാനം കോടതി സ്റ്റേ ചെയ്തിരിക്കുകയാണെന്ന് ഒളകരയിലെ ആദിവാസികൾ പറയുന്നു. ഒളകരയിലെ 44 ആദിവാസി കുടുംബങ്ങൾക്ക് വനഭൂമി നിയമപ്രകാരം ഭൂമി നൽകുന്നതിനായി വനത്തിനുള്ളിൽ സർവേ നടപടികൾ പൂർത്തിയാക്കിയിരുന്നു. തുടർനടപടികളുടെ ഭാഗമായി സംയുക്ത സർവേയും നടത്താൻ തീരുമാനിച്ചിരുന്നതായി സമരസമിതി ഭാരവാഹിയായ പി.കെ. രതീഷ് പറയുന്നു. എന്നാൽ, പിന്നീടാണ് ഭൂമി വിതരണം ചെയ്യുന്ന നടപടി ഒരു എൻ.ജി.ഒയുടെ പരാതിയെ തുടർന്ന് സ്റ്റേ ചെയ്തതായി അറിയാൻ കഴിഞ്ഞത്.
കേസിന്റെ കൂടുതൽ വിശദാംശങ്ങൾ അറിയില്ലെന്നും മന്ത്രിയെയും കലക്ടറെയും സമീപിക്കുമെന്നും ഇവർ പറഞ്ഞു. വനഭൂമി നിയമപ്രകാരം രണ്ടേക്കർ ഭൂമി വിട്ടുകിട്ടണമെന്നാണ് ഇവരുടെ ആവശ്യം. 2020ൽ അന്ന് മന്ത്രിയായിരുന്ന വി.എസ്. സുനിൽകുമാർ വിഷയത്തിൽ ഇടപെടുകയും ഇവർക്ക് ആ സർക്കാറിന്റെ കാലത്തുതന്നെ വനഭൂമി നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തുവെങ്കിലും അത് നടന്നില്ല.
ഒരു കുടുംബത്തിന് 93.3 സെന്റ് ഭൂമിവെച്ച് 44 കുടുംബങ്ങൾക്ക് 41 ഏക്കർ ഭൂമി അളന്ന് നൽകാൻ അന്ന് തീരുമാനമായിരുന്നു. ഇതേതുടർന്നാണ് സർവേ ഉൾപ്പെടെ നടന്നത്. ഭൂസമരവുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ എടുത്ത കേസുകൾ തീർപ്പാക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ, കേസുകൾ ഇപ്പോഴും നിലനിൽക്കുന്നതായി ആദിവാസികൾ പറയുന്നു. ഇവിടെ ഭൂമിക്ക് അർഹരായ 44 കുടുംബങ്ങളിൽ 15 കുടുംബങ്ങൾക്ക് ഒരു സെന്റ് ഭൂമിപോലും സ്വന്തമായി കൈയിലില്ലാത്തവരാണ്.
വനംവകുപ്പാണ് തങ്ങൾക്ക് ഭൂമി ലഭിക്കാതിരിക്കാൻ തടസ്സം നിൽക്കുന്നതെന്ന് ഊരുമൂപ്പത്തി കെ.വി. മാധവി, എം.ആർ. ബിനു, കെ.ജി. അനിത, പി.വി. ഇന്ദിര എന്നിവർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

