അനധികൃത മത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ പിടികൂടി
text_fieldsഅനധികൃത മത്സ്യബന്ധനം നടത്തിയതിന് പിടികൂടിയ ബോട്ടുകൾ
എറിയാട്: അനധികൃത മത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘം പിടികൂടി. കണ്ണി വലുപ്പം കുറഞ്ഞ വലകള്‍ ഉപയോഗിച്ച് തീരത്തോട് ചേർന്ന് മീൻ പിടിച്ച, മുനമ്പം സ്വദേശി മോഹൻലാൽ, വലിയാറ വീട്ടിൽ ചാർളി മെൻഡസ് എന്നിവരുടെ ട്രൈടൺ, എലോഹികാ ബോട്ടുകളാണ് പിടിയിലായത്.
ഇവക്ക് യഥാക്രമം 2.5 ലക്ഷം, അഞ്ചും ലക്ഷം വീതം പിഴ ഈടാക്കി. ബോട്ടിലുണ്ടായിരുന്ന മത്സ്യം മുനക്കകടവ് ഹാർബറിൽ പരസ്യ ലേലം ചെയ്ത് 3,42,500 രൂപ സർക്കാറിലേക്ക് കണ്ടുകെട്ടി.
കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് തീരത്തോട് ചേർന്ന് 20 മീറ്ററിൽ കുറഞ്ഞ ആഴമുള്ള ഭാഗങ്ങളിൽ മീൻപിടിച്ചതിനും കണ്ണി വലുപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ചതിനുമാണ് നടപടി. വ്യാപകമായി അനധികൃത മീൻപിടുത്തം നടക്കുന്നതായി പരമ്പരാഗത മത്സ്യതൊഴിലാളികൾ പരാതിപ്പെട്ടിരുന്നു.
ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ കെ.ടി. ഗ്രേസി, പി.എഫ്.ഇ.ഒ അശ്വിൻ രാജ്, മെക്കാനിക്കുമാരായ കൃഷ്ണകുമാർ, മനോജ്, മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിഭാഗം ഓഫിസർമാരായ വി.എൻ. പ്രശാന്ത്കുമാർ വി.എം. ഷൈബു, ഇ.ആർ. ഷിനിൽകുമാർ, റെസ്‌ക്യൂ ഗാർഡ് വർഗീസ്, ജിഫിൻ, വിബിൻ, യാദവ് എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘമാണ് ബോട്ടുകൾ പിടികൂടിയത്.
വരും ദിവസങ്ങളിൽ ആഴക്കടലിലും തീരക്കടലിലും ഹാർബറുകളിലും രാത്രിയും പകലും പ്രത്യേക സംഘത്തിന്റെ പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും ജില്ല ഷിഷറീസ് ഡെപ്യുട്ടി ഡയറക്ടർ ഡോ. സി. സീമ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

